കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലപ്പുഴയില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യുവകേരള യാത്രയില്‍ അദ്ദേഹം പങ്കെടുത്തു. രാവിലെ കായംകുളത്തുനിന്ന് കെ.പി. റോഡ് വഴി ആലപ്പുഴയിലെ ചാരുംമൂട്ടിലേക്കുള്ള പദയാത്രയിലാണ് രാഹുല്‍ പങ്കെടുത്തത്.
ശനിയാഴ്ച രാവിലെ മുതല്‍ തന്നെ രാഹുല്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്നു സ്ഥിരീകരണം ഉണ്ടായില്ല. ഇന്നലെയാണ് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇതുസംബന്ധിച്ച് പ്രചാരണം തുടങ്ങിയത്.
വന്‍ സുരക്ഷാക്രമീകരണങ്ങളാണ് സന്ദര്‍ശനം പ്രമാണിച്ച് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോ, സ്പെഷല്‍ ബ്രാഞ്ച്, മിലിട്ടറി ഇന്റലിജന്‍സ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയും സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ മുതല്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും. കായംകുളം മുതല്‍ അടൂര്‍ വരെ കെ.പി. റോഡിന്റെ ഇരുഭാഗങ്ങളിലും ജംഗ്ഷനുകളിലും പോലീസ് സേനയെ വിന്യസിക്കും.
സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കേന്ദ്ര സഹമന്ത്രിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അര്ഭനാരി, ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍, നിയോജകമണ്ഡലം പ്രസിഡന്റ് മഠത്തില്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

