തിരുവനന്തപുരം
സംസ്ഥാനത്ത് മണ്‍സൂണ്‍ മഴ ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായി. മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിച്ചിരുന്ന ആകെ മഴയില്‍ ഇപ്പോള്‍ അഞ്ച് ശതമാനം മാത്രം കുറവാണുള്ളത്. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 22 വരെ 1620.1 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. സാധാരണ 1701.4 മില്ലിമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ പ്രതീക്ഷിച്ചിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രി കനത്ത മഴ പെയ്തു. തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴ ശക്തം. ഈ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഏതാനും നദികളും കരകവിഞ്ഞ് ഒഴുകുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ തിരുവനന്തപുരം ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലും ലക്ഷദ്വീപിലും പലയിടങ്ങളില്‍ ആഗസ്ത് 25 വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
