Skip to main content

പതിനാലാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. 15 ദിവസം നീണ്ടുനിൽക്കുന്ന സഭാ സമ്മേളനത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്‌ മാർച്ച്‌ മൂന്നിന്‌ അവതരിപ്പിക്കും.

 

നോട്ടസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ഗവർണർ പി.സദാശിവം നടത്തിയ നയപ്രഖ്യാപനം. നോട്ടസാധുവാക്കൽ കേരളത്തെയും ജനങ്ങളെയും ഗുരുതരമായി ബാധിതായി പ്രസംഗത്തില്‍ പറഞ്ഞു. സഹകരണമേഖല നിശ്ചലമായതായും തിടുക്കപ്പെട്ട് എടുത്ത തീരുമാനം സർക്കാരിന്റെ റവന്യൂ വരുമാനം കുറച്ചതായും നയപ്രഖ്യാപനം ചൂണ്ടിക്കാട്ടി. ഇത് സാധാരണ നിലയിലാകാൻ എത്ര സമയമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

 

സ്ത്രീ സുരക്ഷ, റേഷൻ വിതരണം തുടങ്ങിയവ വിഷയങ്ങള്‍ ഉയർത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു നയപ്രഖ്യാപന പ്രസംഗം.

 

മാർച്ച്‌ മൂന്നിലെ ബജറ്റിനോടൊപ്പം വോട്ട്‌ ഓൺ അക്കൗണ്ടും നിയമസഭയിൽ അതരിപ്പിക്കും. 6, 7, 8 തീയതികളിൽ ബജറ്റിൻമേലുള്ള പൊതുചർച്ചയും മറുപടിയും നടക്കും. ഒൻപതിന്‌ ഉപധനാഭ്യർഥന ചർച്ചയും 14ന്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌ ചർച്ചയും വോട്ടെടുപ്പും നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ച്‌ 16ന്‌ സമ്മേളനം അവസാനിക്കും.

 

ബജറ്റുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മെയ്‌ മാസത്തിൽ പൂർത്തിയാക്കുമെന്ന്‌ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബജറ്റ്‌ പാസാക്കാൻ വൈകുന്നതുകൊണ്ട്‌ വികസന പദ്ധതികൾ നിശ്ചിതസമയത്ത്‌ ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌. അതുകൊണ്ടുതന്നെ മെയ്‌ മാസത്തിൽ ബജറ്റുമായി ബന്ധപ്പെട്ട മുഴുവൻ ചർച്ചകളും പൂർത്തീകരിക്കും. ഇതിനായി ഏപ്രിൽ പകുതിയോടുകൂടി നിയമസഭാ സമ്മേളനത്തിന്റെ അടുത്ത സെഷൻ ആരംഭിക്കും.