
വഴിയരികില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ 2002-ല്‍ വാഹനം കയറി ഒരാള്‍ മരിച്ച സംഭവത്തില്‍ നടന്‍ സല്‍മാന്‍ ഖാനെതിരെ സാക്ഷിമൊഴി. ഖാന്‍ അമിതമായി മദ്യപിച്ചിരുന്നതായും കാറില്‍ നിന്നിറങ്ങിയ വഴി വീണതായും പിന്നെ എഴുന്നേറ്റ് ഓടിയതായുമാണ് അപകടത്തെ അതിജീവിച്ചയാളുടെ മൊഴി. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
ചൊവ്വാഴ്ച മുംബൈയിലെ കോടതിയില്‍ ഖാന്റെ സാന്നിധ്യത്തിലായിരുന്നു വിസ്താരം. ഡ്രൈവര്‍ സീറ്റില്‍ നിന്നാണ് ഖാന്‍ എഴുന്നേറ്റതായി കണ്ടെതെന്ന് മറ്റൊരാളും മൊഴി നല്‍കി. വാഹനം ഓടിച്ചിരുന്നത് ഖാന്‍ അല്ലെന്നാണ് നടന്റെ അഭിഭാഷകരുടെ വാദം. രാത്രി രണ്ട് മണിയോടെയാണ് ബാന്ദ്രയിലെ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ വാഹനം ഇടിച്ചുകയറിയത്.
കുറ്റകരമായ നരഹത്യാ കുറ്റമാണ് ഖാനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റവാളിയെന്ന്‍ തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. നേരത്തെ, അമിതവേഗത്തില്‍ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന കുറ്റം മാത്രമാണ് ഖാനെതിരെ ചുമത്തിയിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ കോടതി ഉത്തരവ് പ്രകാരമാണ് പുതിയ വകുപ്പ് ചുമത്തി വീണ്ടും വിചാരണ നടക്കുന്നത്.
രാജസ്ഥാനില്‍ വെച്ച് വംശനാശം നേരിടുന്ന കൃഷ്ണമാനിനെ വേട്ടയാടി കൊന്നതിന് ഖാന്‍ 1998-ല്‍ ഏതാനും ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
