Skip to main content

അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പൈലറ്റുമാര്‍ 20 ദിവസങ്ങള്‍ക്ക് മുന്‍പ് ചൈനയിലേക്ക് മെഡിക്കല്‍ സാമഗ്രികളുമായി പോയിരുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. 

പൈലറ്റുമാരേയും ക്രൂ അംഗങ്ങളെയും യാത്രക്ക് മുന്‍പും ശേഷവും കര്‍ശന ആരോഗ്യ പരിശോധനയക്ക് വിധേയരാക്കാറുണ്ട്. സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമാണിത്. യാത്ര അവസാനിച്ചതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമെ ഇവരെ താമസസ്ഥലങ്ങളിലേക്ക് അയയ്ക്കാറുള്ളൂ. ഫലം വരുന്നത് വരെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഹോട്ടലുകളിലാണ് പൈലറ്റുമാരെയും ക്രൂ അംഗങ്ങളെയും താമസിപ്പിക്കുന്നത്. ഇതിന് ശേഷം 5 ദിവസത്തിനുള്ളില്‍ വീണ്ടും പരിശോധന നടത്തും. ഇത് നെഗറ്റീവാകുകയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും രോഗമില്ലാതിരിക്കുകയും ചെയ്താല്‍ മാത്രമെ അടുത്ത ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കുകയുള്ളു.