പാനമ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയം നവാസിനെയും മരുമകന്‍ മുഹമ്ദ് സഫ്ദറിനെയും ജാമ്യം നല്‍കി വിട്ടയയ്ക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ നടപടി. അഞ്ചുലക്ഷം പാക് രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ ആറിനാണ് പാക് അക്കൗണ്ടബിളിറ്റി കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ഷെരീഫിന് 10 വര്‍ഷം, മകള്‍ മറിയം നവാസിന് ഏഴ് വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരുന്നത്. ലണ്ടനില്‍ ആഡംബര ഫ്‌ളാറ്റുകള്‍ വാങ്ങിയെന്ന പാനമ പേപ്പര്‍ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഷെരീഫിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയതതിന് പിന്നാലെ ഷെരീഫിനെ പാകിസ്താന്‍ സുപ്രീം കോടതി അയോഗ്യനാക്കിയിരുന്നു.

