താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം തള്ളി നടി മഞ്ജു വാര്യര്‍. ചില വാര്‍ത്താ ചാനലുകളും ഓണ്‍ലൈന്‍സൈറ്റുകളുമാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്ന് മഞ്ജു വാര്യര്‍ പ്രതികരിച്ചു.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പദ്ധതിയുമില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഇപ്പോള്‍ താന്‍ ഹൈദരാബാദിലാണുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമോ വിധേയത്വമോ ഇല്ല. കലയാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു പറഞ്ഞു.
മഞ്ജു വാര്യര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തി, കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചു, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായി മഞ്ജു ഉണ്ടാകും തുടങ്ങിയ രീതിയിലായിരുന്നു പ്രചാരണങ്ങള്‍.
