Skip to main content

akg

പോലീസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുള്ള സി.എ.ജി റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മുന്നോട്ട് പോകാന്‍ സി.പി.എമ്മിന്റെ തീരുമാനം. സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും യു.ഡി.എഫ് ഭരണകാലത്താണ് സംഭവം നടന്നതെന്നും നിലപാടെടുത്ത് നീങ്ങാനാണ് പാര്‍ട്ടി തീരുമാനിച്ചിരക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ വേണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

സി.എ.ജി റിപ്പോര്‍ട്ട് സംസ്ഥാന പോലീസിനെ ആകെയും വകുപ്പ് കൈകാര്യം ചെയ്യുന്ന മഖ്യമന്ത്രിയെയും പ്രതിക്കട്ടില്‍ നിര്‍ത്തുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിഷയം ചര്‍ച്ച ചെയ്തത്. 

ഇതുവരെ സി.പി.എമ്മിന്റെ നേതാക്കളാരും വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. തുടര്‍ന്നും പ്രതികരിക്കേണ്ടതില്ലെന്നാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം. വിഷയം സജീവമായി നിന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിഛായക്ക് കോട്ടം സംഭവിക്കും എന്നതിനാലാണ് സി.പി.എം ഇത്തരത്തില്‍ തന്ത്രപരമായി വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ തീരുമാനിച്ചിരിക്കുന്നത്. 

കേരളാ പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് 12061 തിരകളും, 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പ്രധാനമായും പറയുന്നത്. അതോടൊപ്പം സംസ്ഥാന പോലീസ് മേധാവി വഴിവിട്ട നടപടികളാണ് പലകാര്യത്തിലും സ്വീകരിക്കുന്നതെന്ന് അക്കമിട്ട് റിപ്പോര്‍ട്ടില്‍ നിരത്തുന്നുമുണ്ട്.