
പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം വിമാനം ക്രിസ്തുമസ് ദിവസമായ നാളെ എല്ലാ തിയേറ്ററുകളിലും സൗജന്യമായി പ്രദര്‍ശിപ്പിക്കും.നൂണ്‍ ഷോയും മാറ്റിനിയുമാണ് സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഫസ്റ്റ് ഷോയില്‍ നിന്നും സെക്കന്‍ഡ് ഷോയില്‍ നിന്നും നിര്‍മ്മാതാവിന് ലഭിക്കുന്ന തുക ചിത്രത്തിന്റെ കഥയ്ക്ക് ആധാരമായ സജി തോമസിന് നല്‍കും. പൃഥ്വിരാജാണ് ഇക്കാര്യം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.
തൊടുപുഴ സ്വദേശിയായ സജി തോമസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് വിമാനം ഒരുക്കിയിരിക്കുന്നത്. സജിയ്ക്ക് വേണ്ടി എന്ത് ചെയ്യാമെന്ന് പൃഥ്വിരാജും സംവിധായകന്‍ പ്രദീപും നിര്‍മ്മാതാവ് ലിസ്റ്റിനും കൂടിയാലോചന നടത്തിയിരുന്നു. തനിക്കും സുഹൃത്തുക്കള്‍ക്കും ക്രിസ്മസ് ദിവസം ഈ ചിത്രം കാണാനുള്ള സൗകര്യമൊരുക്കണമെന്ന് മാത്രമായിരുന്നു സജി ലിസ്റ്റിനോട് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് എല്ലാവര്‍ക്കും സൗജന്യമായി സിനിമ കാണാന്‍ അവസരമൊരുക്കാന്‍ തീരുമാനിച്ചത്. സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായായിരിക്കും ഒരു സിനിമ റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നതെന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപവും വീഡിയോയും താഴെ
'ഈ വരുന്ന ക്രിസ്മസ് ദിവസം (25th Dec 2017), വിമാനം എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നൂണ്‍ & മാറ്റിനി ഷോകള്‍ സൗജന്യമായിരിക്കും. കൂടാതെ തുടര്‍ന്നുള്ള വൈകുന്നേരങ്ങളിലെ ഫസ്റ്റ് & സെക്കന്റ് ഷോകളില്‍ നിന്ന് നിര്‍മാതാക്കള്‍ക്ക് കിട്ടുന്ന വിഹിതം പൂര്‍ണമായും ( അത് എത്ര ചെറുതോ വലുതോ ആയാലും) സജി തോമസിനു ക്രിസ്മസ് സമ്മാനം ആയി കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നു.. എല്ലാ സുഹൃത്തുക്കളെയും ഞങ്ങള്‍ ക്ഷണിക്കുക ആണ് ഇതില്‍ പങ്കാളികള്‍ ആകുവാന്‍..'
