Skip to main content

Kammara Sambhavam

കമ്മാരന്റെ കഥ ഒരു കഥയല്ല. ഒരുപാട് കഥകളും സംഭവങ്ങളും നിറഞ്ഞ ചരിത്രത്തെ, ആരുടെയൊക്കെയോ യുക്തിക്കും താല്‍പ്പര്യത്തിനും യോജിച്ച രീതിയില്‍ അവലംബിച്ചു കെട്ടിപ്പടുക്കുന്ന നുണക്കഥ. പ്രപഞ്ചത്തിനും കമ്മാരനും കമ്മാരന്റെ കെണിയില്‍ അകപ്പെട്ടവര്‍ക്കും മാത്രമറിയുന്ന ചതിയുടെ കഥ. നാടും നാട്ടാരും ഒരു സമൂഹവും ഒട്ടുമൊത്തത്തില്‍ വിശ്വസിച്ച ധീരനായ കമ്മാരന്റെ കഥ. അങ്ങനെ ഒരുപാടു കഥകള്‍ പറയാനുണ്ട് മുരളീ ഗോപിയ്ക്ക് ഈ ചിത്രത്തിലൂടെ.വളരെ മികച്ച ക്യാന്‍വാസില്‍, ദൃശ്യമികവോടും ശബ്ദ മികവോടും കൂടിയുള്ള ഒരു കൂട്ടം  പ്രതിഭകളുടെ നിലവാരമുള്ള ശ്രമം ഈ ചിത്രത്തില്‍ ആദ്യാന്തം പ്രകടമാണ്.

 

'History is a set of lies agreed upon' എന്ന നെപ്പോളിയന്റെ വാക്കുകളിലൂടെ ആരംഭിക്കുന്ന സിനിമയില്‍ നിലനില്‍ക്കുന്ന സുപ്രധാന ആശയവും ഇത് തന്നെ.  മുരളീഗോപിയുടെ തന്നെ മുന്‍ചിത്രമായ ലെഫ്ട് റൈറ്റ് ലെഫ്ട് ന്റെ ആമുഖത്തില്‍ കാണിക്കുന്ന വാചകമാണ് 'ജനിതക വിത്തുകളാലും, അജ്ഞാതമായ എന്തോ ഒന്നിന്റെ ഇടപെടല്‍ കൊണ്ടും, കുട്ടിക്കാലത്തെ കാഴ്ചകള്‍ കൊണ്ടും ഉണ്ടാക്കപ്പെടുന്നവനെ മനുഷ്യന്‍ എന്ന് വിളിക്കുന്നു'. അങ്ങനെ തന്നെ നിര്‍മ്മിതനായ  കമ്മാരന്‍ നമ്പ്യാര്‍ ശകുനിയുടെ കുടില ബുദ്ധിയോടെയാണ് എന്തിനോടും എല്ലാവരോടും ഇടപഴകുന്നത്. കാര്യസാധ്യത്തിനോടൊപ്പം നാട്ടില്‍ നല്ലപേരുണ്ടാക്കാനും കമ്മാരനുള്ള മികവ് വേറെ തന്നെ.

 

സിനിമയുടെ തുടക്കത്തില്‍ തന്നെ നുണകള്‍ കൊണ്ടു പടുത്തുണ്ടാക്കിയ ചരിത്രത്തെ വിശ്വസിച്ച, കമ്മാരനെ ആരാധിക്കുന്ന വര്‍ത്തമാനകാല സമൂഹത്തിന്റെ ഒരു ചിത്രം മുരളീഗോപി വരച്ചിടുന്നുണ്ട്. അവിടെ നിന്നാണ് കമ്മാരന്റെ യഥാര്‍ത്ഥ  കഥയിലേക്കും മുന്‍കാലഘട്ടത്തിലേക്കും പ്രേക്ഷകനെ കൊണ്ടുപോകുന്നത്.

 

ഒതേനന്‍ എന്ന ധീരനായ, സത്യസന്ധനായ, യഥാര്‍ത്ഥ നായകന്റെ  കഥയെ, പ്രവര്‍ത്തനങ്ങളെ, കമ്മാരന്‍ എന്ന പ്രതിനായകന്‍ തന്റെ കുടില ബുദ്ധിയും സാമര്‍ഥ്യവും ഉപയോഗിച്ച് നിഷ്പ്രഭമാക്കുന്ന ആദ്യ പകുതി അവസാനിക്കുമ്പോള്‍ പ്രേക്ഷകന് അത് മികച്ച സിനിമാ അനുഭവം തന്നെയാണ് സമ്മാനിച്ചത്.

 

ആകെ മൂന്നുമണിക്കൂറോളം ഉള്ള ചിത്രത്തില്‍  ആദ്യപകുതിയിലെ ആഖ്യാന ശൈലിയില്‍ നിന്നും കാച്ചി കുറുക്കി ഒരു അര മണിക്കൂര്‍ കുറച്ചിരുന്നെങ്കില്‍, എല്ലാത്തരം പ്രേക്ഷകനെയും മടുപ്പിക്കാതെ ക്ലൈമാക്‌സ് വരെ സിനിമയോടൊപ്പം കൊണ്ടുപോകാന്‍ കഴിഞ്ഞേനെ, ഒരു പക്ഷേ .

 

ഇങ്ങനെ ഒരേ രീതിയില്‍ മികവ് പുലര്‍ത്തി നീങ്ങികൊണ്ടിരുന്ന ചിത്രത്തിനെ രണ്ടാം പകുതിയില്‍ പൊടുന്നനെ മറ്റൊരു ശൈലിയിലേക്ക്‌ പറിച്ച് നടുകയാണ്. ഈ ചുവടുമാറ്റമാണ് കുറച്ചുപേരെയെങ്കിലും ഈ ചിത്രം  അലോസരപ്പെടുത്തിയതിനു കാരണം.വളരെ വ്യത്യസ്തത പുലര്‍ത്തിയ ഒരു ആഖ്യാന ശൈലിയാണ് കമ്മാരസംഭവത്തിന്റേത്. ഒരേ ചിത്രത്തില്‍  ഒന്നിനുപകരം മൂന്ന് ആഖ്യാന ശൈലി. പക്ഷേ ഒന്നില്‍ നിന്നും മറ്റൊന്നിലേക്കുള്ള സ്വാഭാവികമായ  ചുവടുമാറ്റം സാധിച്ചിട്ടില്ല എന്ന് പറയാമെങ്കിലും തിരക്കഥാകൃത്ത് അത് ബോധപൂര്‍വം ചെയ്തത് തന്നെ എന്നാണ് മനസിലാകുന്നത്. ഗൗരവമുള്ള കഥ ആക്ഷേപ ഹാസ്യമാകുമ്പോള്‍ വേണ്ടിവരുന്ന ചടുലതയും, പരിഹാസ്യതയെ അതേ തീവ്രതയില്‍   പ്രേക്ഷകമനസിലേക്ക് എത്തിക്കാന്‍ വേണ്ട ശൈലിയും ഈ ചുവടുമാറ്റത്തിലൂടെയാണ് തിരക്കഥാകൃത് ഉറപ്പു വരുത്തുന്നത്.

 

ധീരനായ കമ്മാരനെയും ഒറ്റുകാരനായ ഒതേനനെയും ചിത്രീകരിക്കുന്ന രണ്ടാംപകുതിയിലെ  സിനിമയ്ക്കുള്ളിലെ സിനിമ തെക്കേ ഇന്ത്യന്‍ മാസ് മസാല സിനിമയുടെ ജോണറില്‍ പെട്ടതാണ്. ആക്ഷേപ ഹാസ്യം പറയുമ്പോള്‍ ക്ലീന്‍  കലാമൂല്യമുള്ള സിനിമയക്കു പകരം  ഇത്തരത്തിലുള്ള ഒന്നു തനെയാവും നന്നാവുക എന്നതില്‍ സംശയമില്ല. എന്നിരുന്നാലും ഈ മസാലയുടെ ഡോസ് ഒന്നുകൂടി കുറച്ചു, വൃത്തിയായ ആഖ്യാന ശൈലി ഉപയോഗിച്ചിരുന്നെങ്കില്‍ കമ്മാര സംഭവം എന്ന ഈ ചിത്രം ഒരു ക്ലാസിക് ആകുമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ലെഫ്ട് റൈറ്റ് ലെഫ്ട് ന്റെ ഒക്കെ  നിലവാരത്തില്‍ കമ്മാര സംഭവം എത്താതെ പോകുന്നതിനും കാരണം അത് തന്നെ.

 

കമ്മാരന്റെയും ഒതേനന്റേയും കഥയുമായി ചരിത്രത്തിലെ പല കഥാപാത്രങ്ങളെയും സംഭവങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്ന കഥാ രീതി പ്രശംസനീയമാണ്. ഇംഫാല്‍ യുദ്ധം, ഗാന്ധിജി, നെഹ്‌റു, ബോസിനെ ഒക്കെ കമ്മാരസംഭവത്തിലെ കഥാപാത്രങ്ങളോടൊപ്പം ഏച്ചുകെട്ടലുകളില്ലാതെ  തുന്നിച്ചേര്‍ത്തിരിക്കുന്നു

 

ആക്ഷേപ ഹാസ്യം കുറിക്കു കൊള്ളുന്ന രീതിയില്‍ തന്നെ രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും സമരസേനാനികളുടെയും നേരെ വിരല്‍ ചൂണ്ടുന്നുണ്ട്. ഗാന്ധിജിയും കോണ്‍ഗ്രസും മുതല്‍ ഐ.എല്‍.പി എന്ന പേരിലൂടെ, തൊഴിലാളികളുടെ ക്ഷേമത്തിന്റെ പേര് പറഞ്ഞു അധികാരത്തിലേക് എത്തുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നേതാക്കളും വരെ പ്രത്യക്ഷമായും പരോക്ഷമായും പരിഹാസപാത്രമാകുന്നുണ്ട്.സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയ വര്‍ഗീയ ചിന്തകളെ പറ്റിയെല്ലാം തുടക്കം മുതല്‍ക്കേ പ്രതിപാദിച്ചു പരിഹസിച്ചു പോകുന്നുണ്ട്  ഈ ചിത്രം.

 

സിനിമയ്ക്കുള്ളിലെ സിനിമ അവസാനിക്കുമ്പോള്‍, ക്ലൈമാക്‌സിലേക് അടുക്കുന്ന ചിത്രത്തെ അതുവരെ ഇല്ലാതിരുന്ന  പുതിയൊരു ശൈലിയിലൂടെയാണ് പിന്നീട് അവതരിപ്പിക്കുന്നത്. ഇതാണ് ചിത്രത്തിന്റെ മൂന്നാം പകുതി. വര്‍ത്തമാനകാലത്തിലെ രാഷ്ട്രീയ വ്യവസ്ഥിതികളിലേക്ക് എത്തി നില്‍ക്കുമ്പോള്‍, ചിത്രത്തിലൂടെ  പറയുന്ന കാര്യങ്ങള്‍ വളരെ ശക്തമെങ്കിലും തിരക്കഥയിലും ആഖ്യാന രീതിയിലും വേണ്ടത്ര മികവ് പുലര്‍ത്താന്‍ കഴിയാതെ പോയിഎന്നതാണ് ഈ ഭാഗത്തിലെ പോരായ്മ.

 

തിരക്കഥ മികച്ചു നിന്ന ഭാഗങ്ങളിലൊക്കെ, ഒരു പുതുമുഖ സംവിധായകന്റെ അതിശയപ്പെടുത്തുന്ന നിലവാരവും കാണാന്‍ സാധിക്കും . രതീഷ് അമ്പാട്ട് എന്ന സംവിധായകന്‍ മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാവും എന്ന കാര്യത്തില്‍ സംശയമില്ല. മുരളീഗോപിയുടെ വ്യത്യസ്ത പ്രമേയത്തെ, ആദ്യ സംരഭമെന്നിരിക്കിലും  അങ്ങേയറ്റം ഗുണമേന്മയോടെ തന്നെ രതീഷ് അമ്പാട്ട് എന്ന  സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രം തന്നെയാണ് കമ്മാര സംഭവം.

 

സുനില്‍  കെ.എസ് എന്ന പുതുമുഖ  ഛായാഗ്രാഹകന്റെ മികവും എടുത്ത് പറയേണ്ട ഒന്നാണ്. ദൃശ്യ മികവ് വളരെയധികം ആവശ്യപ്പെടുന്ന ഈ ചിത്രം ആ കാര്യത്തില്‍ സുനില്‍ കെ .എസിന്റെ കൈകളില്‍ ഭദ്രമായിരുന്നു എന്ന് നിസംശയം പറയാം. ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിലെ ഓരോ ഭാഗങ്ങളിലും ചേര്‍ന്നുപോകുന്നവ ആയിരുന്നു. യഥാര്‍ത്ഥ കഥാ ഭാഗത്തും പരിഹാസം പറയുന്ന ഭാഗത്തും ഒക്കെ പശ്ചാത്തലസംഗീതം രംഗങ്ങള്‍ക്ക് ചേരുന്ന വിധം മികച്ചുതന്നെ നിന്നു. ചിത്രത്തില്‍ ശ്വേതാ മേനോന്‍ പ്രത്യക്ഷപ്പെടുന്ന രംഗത്തെ സംഗീതം ഇപ്പോളത്തെ മസാല മാസ് സിനിമകളിലെ ധീരപരിവേഷകര്‍ക്കുള്ള സംഗീതം പോലെയായിരുന്നു. പരിഹാസം എന്ന രീതിയില്‍ അതും എടുത്ത് പറയേണ്ടുന്നതാണ്.

 

നല്ല സംവിധാനത്തിനും ഛായാഗ്രഹണത്തിനും ഒപ്പം  റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും ചേര്‍ന്നപ്പോള്‍ ഈ ചിത്രം ദൃശ്യ ശ്രവ്യ മേന്മയില്‍ തികഞ്ഞ ഗുണനിലവാരം പുലര്‍ത്തുന്ന ഒരു അനുഭവമായി മാറി.

 

ദിലീപ് എന്ന നടന്റെ സിനിമാ ജീവിതത്തിലെ വളരെ മികച്ച ഒരു കഥാപാത്രമായി എഴുതപ്പെടാവുന്ന ഒന്നാണ് അസാമാന്യ അഭിനയ സാധ്യതയുള്ള കമ്മാരന്‍. കുബുദ്ധിയുള്ള വില്ലനായും ധീര നായകനായും വൃദ്ധനായും ഒക്കെ നിലവാരമുള്ള അഭിനയം തന്നെ ദിലീപ് കാഴ്ചവെച്ചു. ഒതേനനിലൂടെ സിദ്ധാര്‍ഥ് എന്ന നടന്റെ തികഞ്ഞ തികഞ്ഞ കയ്യൊതുക്കമുള്ള അഭിനയ പ്രതിഭയെയാണ് കാണാന്‍ സാധിച്ചത്. സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്തപ്പോള്‍ ഭാഷ ചെറിയ കല്ലുകടിയായിരുന്നെങ്കിലും മികച്ച അഭിനയത്തിലൂടെ സിദ്ധാര്‍ഥ് അത് മറികടന്നു.

 

നമിത പ്രമോദിന് പതിവിലും വിപരീതമായി എന്തെങ്കിലും അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ സാധ്യതയുള്ള  ഒരു കഥാപാത്രമായിരുന്നു ഭാനു. മുരളീഗോപിയുടെ കേളു എന്ന ജന്മി കഥാപാത്രവും സഹ കഥാപാത്രങ്ങളെ അവതരിപ്പിച്ച മണികുട്ടനും ദിവ്യപ്രഭയും ശ്വേതയും  ഒക്കെ തന്മയത്വമുള്ള പ്രകടനം തന്നെയായിരുന്നു പുറത്തെടുത്തത്.

 

ആഖ്യാന ശൈലി ഒന്നുകൂടി നന്നായിരുന്നുവെങ്കില്‍ ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ സാധിച്ചേക്കാമായിരുന്ന കമ്മാര സംഭവം വളരെ വ്യത്യസ്തമായ ഒരു ശ്രമം എന്ന രീതിയില്‍ പ്രേക്ഷകരുടെ കാഴ്ച ആവശ്യപ്പെടുന്ന ഒന്നുതന്നെയാണ്. കമ്മാര സംഭവം കാണുന്നത് ആസ്വാദകന് ഒരിക്കലും ഒരു നഷ്ടമാവില്ല. മറിച്ച് വ്യത്യസ്ത പ്രമേയമുള്ള ഒരു സിനിമാ അനുഭവത്തിന് സാക്ഷ്യം വഹിക്കല്‍ തന്നെയാവും.

 

 


ഒരു നെറ്റിസൺ ആണ് രേഷ്മ