Skip to main content


മരട് ഫ്‌ളാറ്റ് പൊളിക്കലിന് പിന്നാലെ ഇതിനെ സംബന്ധിച്ച് സിനിമ വരുന്നു. കണ്ണന്‍ താമരക്കുളം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. 

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യൂ  സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരക്കുളം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിക്കുന്നത് ദിനേശ് പള്ളത്ത് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ ആണ്.

ഫ്‌ളാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപ്പെട്ടത്. എന്താണ് മരട് ഫ്‌ളാറ്റില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയാവും മരട് 357.
സെന്തില്‍ കൃഷ്ണ,ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രോംകുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജനുവരി 30ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും.