
മാസ്റ്റര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വിജയ് തിരിച്ചെത്തി. ആദായനികുതി വകുപ്പ് വിജയിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. ലൊക്കേഷനില്‍ വിജയ് തിരിച്ചെത്തിയെന്നും ഷൂട്ടിംഗ് പുനഃരാരംഭിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 24മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് താരത്തെ വിട്ടയച്ചത്.
കൈദി എന്ന ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തിന്റെ നാഷണല്‍ ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ കടലൂര്‍ കാമ്പസിലുള്ള ലൊക്കേഷനില്‍ എത്തിയാണ് വിജയിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന് ചെന്നൈയിലേക്ക് കൊണ്ടുപോവുകയും ചെയ്തത്. വിജയിയ്ക്ക് നേരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു.
താരത്തില്‍ നിന്നും അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും വസ്തുവകകളില്‍ അന്വേഷണം നടക്കുകയാണെന്നുമായിരുന്നു ഇന്നലെ വൈകിട്ട് ആദായനികുതി വകുപ്പ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
