
സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിന് കര്‍ണാടക സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ 12-ാമത് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ്. രണ്ട് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ഗവര്‍ണര്‍ വാജു ഭായി വാലയാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രശസ്ത ആസാമീസ് സംവിധായിക മഞ്ജു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ് ശര്‍മ്മ, മാരുതി ജാതിയവര്‍, ആശിശ് ഡുബേ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. കനി കുസൃതിയും ശൈലജയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡും ബിരിയാണി നേടിയിരുന്നു. വിവിധ ഭാഷകളില്‍ നിന്നുള്ള 13 ചിത്രങ്ങളാണ് മല്‍സരിക്കാനുണ്ടായിരുന്നത്.
ചിത്രത്തിന്റെ ഫ്രഞ്ച് പ്രീമിയര്‍ ഏപ്രില്‍ 22 മുതല്‍ 26 വരെ നടക്കുന്ന ടുലോസ് ഫിലിം ഫെസ്റ്റിവലിലും, അമേരിക്കന്‍ പ്രീമിയര്‍ ഏപ്രില്‍ 17 മുതല്‍ 23 വരെ കാലിഫോര്‍ണിയയില്‍ നടക്കുന്ന 19-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും നടക്കും.
കടല്‍ത്തീരത്ത് താമസിക്കുന്ന ഖദീജയുടെയും ഉമ്മയുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ നടക്കുകയും അത് കാരണം നാട് വിടേണ്ടിവരികയും അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം. ഖദീജയായി കനി കുസൃതിയും ഉമ്മയായി ശൈലജയും അഭിനയിയ്ക്കുന്നു. അനില്‍ നെടുമങ്ങാട്, ശ്യം റെജി, ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
യു.എന്‍.എ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും സജിന്‍ ബാബുവും ക്യാമറ കാര്‍ത്തിക് മുത്തുകുമാറും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും സംഗീതം ലിയോ ടോമും നിര്‍വ്വഹിക്കുന്നു.
