
ബിഗ് സ്ക്രീനിലെ സ്ഥിരം സാന്നിധ്യം അല്ലെങ്കില്‍ പോലും മിസ് യൂണിവേഴ്സ് എന്ന് പറയുമ്പോള്‍ ആരാധകരുടെ മനസ്സിലേക്ക് ആദ്യം തെളിഞ്ഞ് വരുന്ന മുഖം സുസ്മിത സെന്നിന്റേതാണ്. ഇപ്പോള്‍ ആരാധകരുമായി സുസ്മിത പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. താന്‍ അഡിസണ്സ് രോഗത്തില്‍ നിന്നും എങ്ങനെയാണ് രക്ഷപ്പെട്ടത് എന്നാണ് സുസ്മിത പറയുന്നത്. നുന്ഷകു വര്‍ക്കൗട്ട് രീതിയിലൂടെയാണ് താന്‍ ഈ അസുഖത്തിനെ നേരിട്ടതെന്നാണ് സുസ്മിത പറയുന്നത്.
മാര്‍ഷ്യല്‍ ആര്‍ട്സിന് ഉപയോഗിക്കുന്ന ആയുധമാണ് നുന്ഷകു. രണ്ട് വടികള്‍ ഒരു ചെയിന്‍ കൊണ്ടോ കയര്‍ കൊണ്ടോ ബന്ധിപ്പിച്ചിരിക്കുന്ന രീതിയിലുള്ള ആയുധമാണിത്. 2014 സെപ്തംബറിലാണ് താന്‍ ഓട്ടോ ഇമ്മ്യൂണ്‍ സിന്ഡ്രോമായ അഡിസണ്സ് രോഗം തനിക്കുണ്ടെന്ന് മനസ്സിലാക്കുന്നത് എന്നും ആ സമയങ്ങളില്‍ ദേഷ്യം സഹിക്കാന്‍ കഴിയില്ലായിരുന്നുവെന്നും ഇനി എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു എന്നും നടി പറയുന്നു. 4 വര്‍ഷത്തോളം മനസ്സ് കൈവിട്ട് പോകുന്ന അവസ്ഥയിലായിരുന്നെന്നും അതിന് ശേഷമാണ് താന്‍ നുന്ഷകു പരിശീലിക്കാന്‍ തുടങ്ങിയതെന്നും നടി പറഞ്ഞു. നമ്മുടെ ശരീരത്തെ നമ്മള് തിരിച്ചറിയണമെന്നും സുസ്മിത പറയുന്നു. 2019 ആയപ്പോഴേക്കും താന്‍ അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറിയെന്നും ഇതിന് സഹായിച്ച എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും സുസ്മിത വീഡിയോയില്‍ പറയുന്നുണ്ട്.
സുസ്മിതയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ പരിശീലകനൊപ്പം സുസ്മിത നുന്ഷകു അഭ്യസിക്കുന്നതും കാണാം.
