
ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. എ.എച്ച്.പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോട് എന്ന ആളാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മതവികാരം വൃണപ്പെടുത്തുന്ന എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്.
കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍ ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ് പാടില്ല എന്ന്, പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗം പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന് അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സവിധായകന് ബോസില്‍ ജോസഫും നിര്‍മ്മാതാവ് സോഫിയ പോളും രംഗത്തെത്തിയിരുന്നു. സെറ്റിടാന്‍ അനുവാദം വാങ്ങിയിരുന്നു എന്നും ഇന്നത്തെ ദിവസം വളരെ ദൗര്ഭാഗ്യകവും ഭീമമായ നഷ്ടവുമായി എന്നാണ് ദീര്‍ഘമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് സോഫിയ പോള്‍ പറഞ്ഞത്. ഒരു മഹാമാരിയെ എല്ലാവരും ഒറ്റക്കെട്ടായി നേരിടുന്ന സമയത്ത് നമ്മുടെ കേരളത്തില്‍ ഇങ്ങനെ സംഭവിച്ചു എന്നുള്ളത് ആശങ്കയും വിഷമവുമുണ്ടാക്കുന്നു എന്നും ഈ സെറ്റ് നിരവധി പേരുടെ അധ്വാനത്തിന്റെ ഫലമായിരുന്നു എന്നും സംവിധായകന് ബേസില്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിമാ കല്ലിങ്കല്‍, ആഷിഖ് അബു, അജൂ വര്‍ഗീസ്, രഞ്ജിത് ശങ്കര്‍, ഡിജോ ജോസ് ആന്റണി എന്നിവരും രംഗത്തെത്തി. സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
