Skip to main content
റായ്പൂര്‍

ഛത്തീസ്ഗഡ് നിയമസഭാതിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വടക്കന്‍ ഛത്തീസ്ഗഡിലെയും മധ്യമേഖലയിലെയും 19 ജില്ലകളിലെ 72 നിയോജകമണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയ ആദ്യ മണിക്കൂറിനുള്ളില്‍ തന്നെ 27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ എട്ട് മണിക്കാരംഭിച്ച തിരഞ്ഞെടുപ്പ് വൈകീട്ട് അഞ്ചുമണി വരെയാണ്. ആകെയുള്ള 90 മണ്ഡലങ്ങളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബസ്തര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ നവംബര്‍ 11-ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു.

 

ഒന്നാംഘട്ട വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടന്നതിനാല്‍ ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് സുരക്ഷക്കായി നിയമിച്ചിട്ടുള്ളത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ നിയമസഭാ സ്പീക്കര്‍ ധരംലാല്‍ കൗശിക്, ബ്രിജ്‌മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് മന്ത്രിമാരും മത്സരിക്കുന്നുണ്ട്. ഒന്നാംഘട്ടത്തിൽ 75.53 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

 

ബി.ജെ.പി യില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുള്ള  72 സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ 843 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 75 പേര്‍ സ്ത്രീകളാണ്. ഡിസംബര്‍ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും.