യൂറോപ്യന്‍ യൂണിയന്‍ പാര്‍ലിമെന്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ തീവ്രവലതു കക്ഷികള്‍ക്കും ഇ.യു വിരുദ്ധര്‍ക്കും വന്‍ വിജയം ലഭിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളും ആദ്യ സൂചനകളും. ഫ്രാന്‍സില്‍ കടുത്ത പ്രവാസി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന തീവ്രവലതു കക്ഷി ദേശീയ മുന്നണി നേടുന്ന വിജയമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.
ഫ്രഞ്ച് പാര്‍ലിമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ദേശീയ മുന്നണി നേതാവ് മറീന്‍ ലെ പെന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തില്‍ പാര്‍ട്ടി നേടുന്ന ആദ്യ വിജയമാണിത്. പൊതുനാണയമായ യൂറോയില്‍ നിന്ന്‍ ഫ്രാന്‍സ് പുറത്തുവരണമെന്നും ഇ.യു വിടുന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്തണമെന്നും പാര്‍ട്ടി ഉയര്‍ത്തിയിട്ടുള്ള പ്രധാന ആവശ്യങ്ങളാണ്.
ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാസോ ഒലാന്ദിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി മൂന്നാം സ്ഥാനത്താകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഭരണകക്ഷികള്‍ തെരഞ്ഞെടുപ്പില്‍ പിന്നിലായി. ഒട്ടു മിക്ക രാജ്യങ്ങളിലും പ്രവാസി-ഇ.യു-യൂറോ വിരുദ്ധ പാര്‍ട്ടികളാണ് മുന്നില്‍. ഔദ്യോഗിക ഫലങ്ങള്‍ പുറത്തുവരാന്‍ ഏതാനും ദിവസങ്ങള്‍ എടുക്കും.
യൂറോ നാണയ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയോടുള്ള ഇ.യുവിന്റെ പ്രതികരണത്തില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധമായി തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നു. ഇ.യുവിലെ 28 അംഗരാഷ്ട്രങ്ങളിലെ 40 കോടി വോട്ടര്‍മാരില്‍ 43 ശതമാനം പേരാണ് തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്.
