Skip to main content

turkey protest

അങ്കാറ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ തുര്‍ക്കിയില്‍ തലസ്ഥാനമായ അങ്കാറയില്‍ പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടി. പ്രശ്നപരിഹാരത്തിന് തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രി റെജെപ് ടൈയിപ് എര്‍ദുവാന്റെ ജസ്റ്റിസ്‌ ആന്‍ഡ്‌ ഡെവലപ്മെന്റ് പാര്‍ട്ടി (എ.കെ.പി)തള്ളി. ഭരണത്തില്‍ ഒരു ദശകം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയ എര്‍ദുവാന്‍ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് പ്രക്ഷോഭം.

 

പാര്‍ലിമെന്റ്, യു.എസ് എംബസ്സി എന്നിവയുടെ പരിസരത്ത് ശനിയാഴ്ച സംഘടിച്ച പ്രക്ഷോഭകരെ പിരിച്ചുവിടാനാണ് പോലീസ് ബലപ്രയോഗം നടത്തിയത്. ഇസ്താംബുളിലെ തക്സിം ചത്വരമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദു. ഞായറാഴ്ച ഇവിടേക്ക് റാലി നടത്താന് ആഹ്വാനമുണ്ട്.

 

തക്സിം ചത്വരതിനടുത്തുള്ള ഗെസി ഉദ്യാനം ഒഴിപ്പിക്കുന്നതിനെതിരെ നടത്തിയ സമരമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി രാജ്യം മുഴുവന്‍ വ്യാപിക്കുന്നത്. ഇവിടത്തെ സമരക്കാര്‍ക്കെതിരെ പോലീസ് നടത്തിയ കടുത്ത ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് ഈജിപ്തിലെ തഹ്രീര്‍ ചത്വര മാതൃകയില്‍ പ്രക്ഷോഭകര്‍ ഇവിടെ തമ്പടിക്കുകയായിരുന്നു.

 

മെയ്‌ 31-ന് തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതിനകം ഒരു പോലീസുകാരനടക്കം മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടു. 1500-ഓളം പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. എന്നാല്‍, 4000-ത്തില്‍ പരം പേര്‍ ചികിത്സ തേടിയതായി തുര്‍ക്കി മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു.

 

തിങ്കളാഴ്ച ചേരുന്ന ക്യാബിനറ്റ് പ്രക്ഷോഭം ചര്‍ച്ച ചെയ്യുമെന്ന് എ.കെ.പി അറിയിച്ചു. ജൂണ്‍ 15-ന് അങ്കാറയിലും 16-ന് ഇസ്താംബുളിലും റാലി നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.