കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് (29) ആണ് കൊല്ലപ്പെട്ടത്. അര്‍ധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. ആക്രമത്തില്‍ സാരമായി പരിക്കേറ്റ ഷുഹൈബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഷുഹൈബിന് നേരെ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ ശേഷം വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.എടയന്നൂര്‍ സ്‌കൂളിന് സമീപത്തെ മുഹമ്മദിന്റെയും റംലയുടേയും മകനാണ് മരിച്ച ഷുഹൈബ്. മൂന്ന് സഹോദരിമാരുണ്ട്.
