Skip to main content
ന്യൂഡല്‍ഹി

ഇന്ത്യയും ജപ്പാനും സംയുക്തമായി ചേര്‍ന്ന് ഇന്ത്യയില്‍ ജാപ്പനീസ് ഇലക്‌ട്രോണിക് മാനുഫാക്ചറിംഗ്  ടൌണ്‍ഷിപ്പിന് ധാരണയായി. ഈ ടൗണ്‍ഷിപ്പ് ഇന്ത്യയുടെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറക്കുന്നതിനു സഹായിക്കും. കഴിഞ്ഞ വര്‍ഷം 3200 കോടി ഡോളറിന്‍റെ ഇലക്ട്രോണിക് ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

 

ടൌണ്‍ഷിപ്പ്‌ ആരംഭിക്കുന്നത് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക നേട്ടം വര്‍ധിപ്പിക്കുകയും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശര്‍മയും ജാപ്പനീസ് ധനകാര്യ വ്യവസായ മന്ത്രി തൊഷിമിറ്റ്സു മൊട്ടേഗിയും ഡല്‍ഹിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. രാജ്യങ്ങള്‍ തമ്മിലുള്ള കരാറില്‍ ഇരുവരും ഒപ്പുവച്ചു.

 

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ഹെല്‍പ്പ് ഡെസ്ക് വഴിയാണ് ജാപ്പനീസ് കമ്പനികളെയും നിക്ഷേപകരെയും ഇന്ത്യന്‍ ഇലക്ട്രോണിക് മേഖലയിലേക്ക് കൊണ്ടുവരുന്നത്. ഇന്ത്യന്‍ ഐടി-ഇലക്ട്രോണിക് മേഖലയിലെ പുതിയ വഴിത്തിരിവായി മാറും ഈ സംരംഭം എന്നാണു കരാറൊപ്പിട്ടത്തിന് ശേഷം ഇരു രാജ്യങ്ങളും വ്യക്തമാക്കിയത്. നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 2011- ല്‍ ആരംഭിച്ച ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഇന്ത്യയും ജപ്പാനും സഹകരിച്ചു തയാറാക്കുന്ന ഡല്‍ഹി- മുംബൈ വ്യവസായ ഇടനാഴി പദ്ധതിയുടെ പുരോഗതിയും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.  

 

ഇന്ത്യയുടെ 1483 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വ്യാവസായിക ഇടനാഴിക്ക് 450 കോടി ഡോളര്‍ ധനസഹായമാണ് ജപ്പാന്‍ നല്‍കുന്നത്. പദ്ധതിനടത്തിപ്പിനായി കേന്ദ്ര സര്‍ക്കാര്‍ 18500 കോടി രൂപയും അനുവദിക്കും. 2000 ഏപ്രില്‍ മുതല്‍ 2013 ജൂണ്‍ വരെയുള്ള കാലങ്ങളില്‍ 1475 കോടി ഡോളറിന്‍റെ വിദേശ നിക്ഷേപം ജപ്പാന്‍ ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം വിദേശ നിക്ഷേപത്തിന്റെ ഏഴു ശതമാനം ജപ്പാന്റെ നിക്ഷേപമാണ്.