Skip to main content

കോൺഗ്രസ് എൽഡിഎഫിന്റെ മൂന്നാം വരവിന് വഴിയൊരുക്കുന്നു

Glint Staff
Congress
Glint Staff

ഒരു സംസ്ഥാനത്തിന്റെ അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന് എങ്ങനെ രാജ്യത്തെ നയിക്കാൻ കഴിയും?ഈ ചിത്രമാണിന്ന് ദേശീയതലത്തിലും കേരളത്തിൻറെ കാര്യത്തിലും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചു കയറാനുള്ള സാധ്യതകളാണ് കൂടുതൽ ശക്തമായി തെളിയുന്നത്.
          കെപിസിസി അധ്യക്ഷൻ ഇതാ മാറാൻ പോകുന്നു, കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനമെടുത്തു തുടങ്ങിയ വാർത്തകൾ വരാൻ തുടങ്ങിയിട്ട് ഏതാനും ആഴ്ചകളായി. ഈ വാർത്തകളെ സ്ഥിരീകരിക്കുന്ന വിധം കോൺഗ്രസിലെ നേതാക്കന്മാർ പ്രതികരിക്കുന്നുമുണ്ടായിരുന്നു. അതിൻറെ ഭാഗമായാണ് ഫോട്ടോ കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന ഒരാളായിരിക്കണം പ്രസിഡണ്ട് എന്ന് കെ മുരളീധരൻ പ്രസ്താവിച്ചത്. 
      എന്നാൽ ഒരുപക്ഷം നേതാക്കളുടെ പിന്തുണയുടെ കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാനുള്ള തന്ത്രങ്ങൾ ബലപ്പെടുത്തി. ഒടുവിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ പരസ്യ പത്രസമ്മേളനവുമായി രംഗത്തുവന്നു. അണികൾക്ക് എങ്ങനെ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഒത്തൊരുമയോടെ പ്രവർത്തിച്ചു മുന്നോട്ടു നീങ്ങാൻ ആകും എന്ന ചോദ്യവും ഉയർത്തി.
         രണ്ടാം പിണറായി സർക്കാരിൻറെ പ്രവർത്തനത്തിൽ കേരളത്തിലെ പൊതുജനവികാരം അത്ര അനുകൂലമല്ല. ഇടതുപക്ഷത്തുള്ളവർ പോലും ഭരണമാറ്റം ആഗ്രഹിക്കുന്ന ഒരു സാഹചര്യം. എന്നാൽ ആ സാഹചര്യം സാധ്യമാകാനുള്ള സാധ്യത വിദൂരമാണെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. കോൺഗ്രസ്സിൽ ഇപ്പോൾ നിലനിൽക്കുന്ന രീതിയിലുള്ള വൃദ്ധ നേതൃത്വം വരും നാളുകളിലും തുടരുകയാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ ദുർബലമായ കോൺഗ്രസ് ഇക്കുറി അതിലും വലിയ ദൗർബല്യത്തെ പ്രകടമാക്കും. 
        മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്ലിം ലീഗിന് യുഡിഎഫിനോടൊപ്പം നിലനിൽക്കുക മാത്രമേ സാധ്യമാകൂ. അതിനാൽ ഒരു വിലപേശൽ തന്ത്രം പ്രയോഗിച്ച് പഴയതുപോലെ കോൺഗ്രസിനെ സമ്മർദ്ദത്തിൽ ആക്കി തീരുമാനം വേഗമാക്കാനും ലീഗിന് കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്