Skip to main content

തമിഴ്നാട്ടിലും സ്ത്രീകൾക്ക് രക്ഷയില്ലാതാകുന്നു

Glint Staff
Location where the girl was abducted after smashing the windscreen of the car
Glint Staff

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ സുരക്ഷ സാംസ്കാരികമായി ഉറപ്പുള്ള സംസ്ഥാനമായിരുന്നു തമിഴ്നാട് . ആ ബഹുമതിയും യാഥാർത്ഥ്യവും തമിഴ്നാടിന് നഷ്ടപ്പെടുന്ന സംഭവങ്ങളാണ് സമീപകാലത്ത് തമിഴ്നാട്ടിൽ നിന്ന് കേൾക്കുന്നത്. ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഏറ്റവും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സ്ത്രീ സമൂഹവും തമിഴ്നാട്ടിലേതായിരുന്നു. തമിഴ് സംസ്കാരത്തിൻറെ ആഴവും അതിൻറെ ശക്തിയുമാണ് അത്തരം ഒരു അവസ്ഥയ്ക്ക് കാരണമായിട്ടുള്ളത്  എന്ന് സാംസ്കാരിക പഠിതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചു പെൺകുട്ടിയെ മുതൽ വളരെ മുതിർന്നവരെ വരെ അമ്മ എന്ന് പൊതുസംബോധന ചെയ്യുന്നത് ആ സംസ്കാരത്തിൻറെ ഒരു ഇടപെടൽ ചിഹ്നമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
      എന്നാൽ കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തൂരിൽ 20 വയസ്സുകാരിയായ കോളേജ് വിദ്യാർത്ഥിനി അതിക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായത് ആ സംസ്കാരം ഇല്ലാതാകുന്നു എന്ന യാഥാർത്ഥ്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്ന് ഉപയോഗത്തിന്റെയും ഫലമാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിജനമായ ഒരു സ്ഥലത്ത് യുവതിയും അവരുടെ കൂട്ടുകാരനും ഒന്നിച്ചു കാറിൽ ഇരിക്കുമ്പോഴാണ് മൂന്ന് പേർ യുവാവിനെ ആക്രമിച്ചു ബോധം കെടുത്തിയിട്ട് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. 
        തമിഴ്നാട്ടിൽ മുഴുവൻ ഉയർന്ന വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഇപ്പോൾ തമിഴ്നാട് പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാനും സമൂഹത്തിലേക്ക് ചില സന്ദേശം നൽകാൻ വേണ്ടിയാണ് പോലീസ് അവരെ മുട്ടിനു താഴെ വെടിവെച്ച് കസ്റ്റഡിയിലെടുത്തത്. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും ഒരേ സ്വരത്തിൽ പറയുന്നത്, ഇത്തരം നടപടികൾ കൊണ്ടൊന്നും ഈ വിപത്തിന് പരിഹാരം ആകില്ല എന്നതാണ്. കാരണം അത്രയ്ക്ക് വ്യാപകമായിട്ടാണ് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും വ്യാപനം തമിഴ്നാട്ടിൽ ഏതാനും വർഷങ്ങൾക്കിടയിൽ വർദ്ധിച്ചത്.