Skip to main content
ന്യൂഡല്‍ഹി

n sreenivasanബി.സി.സി.ഐ പ്രസിഡന്റായി എന്‍.ശ്രീനിവാസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ആയിരുന്നു തുടര്‍ച്ചയായ മൂന്നാമത് തവണയും ശ്രീനിവാസന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, ചുമതലയേല്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി ശ്രീനിവാസനെ താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്.

 

ദക്ഷിണ മേഖലയാണ് ശ്രീനിവാസന്റെ പേരു നിര്‍ദ്ദേശിച്ചത്. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മരുമകന്‍ ആരോപണ വിധേയനായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനയില്‍ ശ്രീനിവാസന്റെ അധീശത്വം വ്യക്തമാക്കുന്നതായിരുന്നു എതിരില്ലാതെയുള്ള തെരഞ്ഞെടുപ്പ്. പ്രധാന നിര്‍വാഹക സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടവരും ശ്രീനിവാസനുമായി അടുപ്പമുള്ളവരെന്ന് കരുതപ്പെടുന്നവരാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മേധാവി ടി.സി മാത്യുവിന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല ലഭിച്ചു.  

 

ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ നല്‍കിയ പരാതിയില്‍ അന്തിമ ഉത്തരാവാകുന്നത് വരെ ജയിച്ചാലും ചുമതല ഏറ്റെടുക്കരുതെന്ന് കഴിഞ്ഞ ദിവസം മത്സരിക്കാന്‍ അനുമതി നല്‍കവേ സുപ്രീം കോടതി ശ്രീനിവാസനോട് നിര്‍ദ്ദേശിച്ചിരുന്നു. ഐ.പി.എല്‍ വാതുവെപ്പ് കെസില്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ടീം പ്രിന്‍സിപ്പലുമായിരുന്ന ഗുരുനാഥ് മെയ്യപ്പനെതിരെ കഴിഞ്ഞയാഴ്ച്ച മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീനിവാസന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവകാശമില്ലെന്നാണ് ഹര്‍ജിയിലെ വാദം. ശ്രീനിവാസന്റെ കമ്പനിയായ ഇന്ത്യ സിമന്റ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ്.

 

കോണ്‍ഗ്രസ് നേതാവ് കൂടിയായ രാജീവ് ശുക്ല രാജിവെച്ച ഒഴിവില്‍ ഐ.പി.എല്‍ ചെയര്‍മാനായി ഒഡിഷ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയും മുന്‍ ഫാസ്റ്റ് ക്ലാസ് താരവുമായ രഞ്ജിബ് ബിസ്വാളിനെ നിയമിച്ചു. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുന്‍ ചെയര്‍മാനായ ബിസ്വാള്‍ 2011 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായിരുന്നു.

 

ബി.സി.സി.ഐ വൈസ് പ്രസിഡന്റായിരുന്ന ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റിലിയും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ബി.സി.സി.ഐ സെക്രട്ടറിയായി സഞ്ജയ്‌ പട്ടേലിനെയും ഖജാന്‍ജിയായി അനിരുദ്ധ് ചൗധരിയേയും തെരഞ്ഞെടുത്തു. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് സഞ്ജയ്‌ ജഗ്ദലെ, അജയ് ശിര്‍കെ എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു ഈ സ്ഥാനങ്ങള്‍.