ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറിന് ഭാരതരത്ന നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കളിക്കാരനായിരിക്കെ തന്നെ പാര്‍ലമെന്റംഗമായ സച്ചിന് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന ലഭിക്കുന്ന ആദ്യ കായിക താരമെന്ന ബഹുമതിക്കു കൂടി ഇനിമുതല്‍ അര്ഹാനാവും. സച്ചിന് ഭാരതരത്ന നല്‍കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവായ ഡോക്ടര്‍ സി.എന്‍.ആര് റാവുവിനും ഭാരതരത്ന നല്‍കും. 1500-ലധികം ഗവേഷണ ഗ്രന്ഥങ്ങളും 45-ഓളം പുസ്തകങ്ങളും സി.എന്‍.ആര് റാവുവിന്റെതായുണ്ട്. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
സച്ചിന് ഭാരതരത്ന നല്‍കണമെന്ന നിര്‍ദേശം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയും ചെയ്തിരുന്നു. മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ വിജയത്തോടെ ഇന്ത്യന്‍ ടീം സച്ചിന് യാത്രയയപ്പ് നല്കി ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഭാരതരത്ന പ്രഖ്യാപിച്ചത്.
