ഡെല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി (എ.എ.പി) മന്ത്രിസഭ രൂപീകരിക്കാന്‍ ഒരുങ്ങുന്നു. തന്റെ പാര്‍ട്ടിക്ക് സര്‍ക്കാറിനെ നയിക്കാനും കോണ്‍ഗ്രസ്, ബി.ജെ.പി എന്നിവരെക്കാളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ പ്രസ്താവിച്ചു. എന്നാല്‍, പാര്‍ട്ടി ഇത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയേ സ്വീകരിക്കൂ എന്ന്‍ കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, എട്ടു സീറ്റുകളുള്ള കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ എ.എ.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സാധ്യത വര്‍ധിച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജനങ്ങളുടെ അഭിപ്രായം തേടാന്‍ എ.എ.പി തീരുമാനിച്ചതിന് പ്രതികരണമായി പത്ത് ലക്ഷത്തില്‍ അധികം മൊബൈല്‍ സന്ദേശങ്ങള്‍ ലഭിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നും പാര്‍ട്ടി അവകാശപ്പെടുന്നു. പാര്‍ട്ടി എം.എല്‍.എമാരില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ രൂപീകരണ നിലപാടാണ് സ്വീകരിക്കുന്നതെന്നും അറിയുന്നു.
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടിയ എ.എ.പി നിയമസഭയില്‍ രണ്ടാം സ്ഥാനക്കാരാണ്. 70 അംഗ സഭയില്‍ 31 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണറെ അറിയിച്ചിരുന്നു. തുടര്‍ന്ന് ലെഫ്റ്റ. ഗവര്‍ണര്‍ നജീബ് ജങ്ങ് കേജ്രിവാളിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും കേജ്രിവാള്‍ പത്ത് ദിവസത്തെ സാവകാശം ആവശ്യപ്പെടുകയും ചെയ്തു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുടേയും പിന്തുണ സ്വീകരിക്കുകയോ ആര്‍ക്കും പിന്തുണ നല്‍കുകയോ ചെയ്യുകയില്ല എന്നായിരുന്നു എ.എ.പിയുടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള നിലപാട്. പിന്നീട് ഇതില്‍ അയവ് ആവൃത്തിയ പാര്‍ട്ടി തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് നിബന്ധനകള്‍ മുന്നോട്ട് വെച്ച് കേജ്രിവാള്‍ കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും ദേശീയ അധ്യക്ഷര്‍ക്ക് കത്തയച്ചിരുന്നു.
