Skip to main content
ബാഗ്ദാദ്

Falluja Mapതീവ്രവാദ സംഘടന അല്‍-ഖൈദയുടെ പിന്തുണയുള്ള സുന്നി പോരാളികള്‍ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയില്‍ സൈനികമായി മുന്നേറുന്നു. കനത്ത തെരുവ് യുദ്ധത്തിലൂടെ തന്ത്രപ്രധാന നഗരമായ കര്‍മ പിടിച്ചെടുത്ത പോരാളികള്‍ പൗരാണിക നഗരമായ ഫല്ലുജയുടെ നിയന്ത്രണം ഏറെക്കുറെ പൂര്‍ണ്ണമായും കയ്യടക്കിയിട്ടുണ്ട്. അധിനിവേശ യു.എസ് സൈന്യത്തിനെതിരെ കടുത്ത പോരാട്ടം നടന്ന നഗരമാണ് ഫല്ലുജ.

 

അതേസമയം, ഫല്ലുജ പിടിച്ചെടുക്കാന്‍ അല്‍-ഖൈദയെ അനുവദിക്കില്ലെന്ന് ഇറാഖി പ്രധാനമന്ത്രി നൂറി അല്‍-മാലിക്കി പ്രസ്താവിച്ചു. നഗരത്തിന് പുറത്ത് നിന്ന്‍ സര്‍ക്കാര്‍ സൈന്യം കനത്ത ഷെല്ലാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഗോത്രവര്‍ഗ്ഗ സേനകളും സുന്നി പോരാളികളോട് എതിരിടുന്നു.

 

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലും സര്‍ക്കാര്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 19 പേരെങ്കിലും കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും ഫല്ലുജയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രവിശ്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന്‍ ആളുകള്‍ മരുഭൂമിയിലെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുകയാണ്.

 

ദിവസങ്ങളായി തുടരുന്ന പോരാട്ടം അല്‍-മാലിക്കിയുടെ ഷിയാ ഭൂരിപക്ഷ സര്‍ക്കാറിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സദ്ദാം ഹുസൈന്റെ പതനത്തിനും യു.എസ് സൈന്യത്തിന്റെ പിനമാറ്റത്തിനും ശേഷം ന്യൂനപക്ഷ സുന്നി വിഭാഗത്തില്‍ പെടുന്നവര്‍ നേരിടുന്ന പാര്‍ശ്വവല്‍ക്കരണം ഈ വിഭാഗത്തില്‍ പെട്ട ഭീകര സംഘടനകളുടെ ഉദയത്തിന് കാരണമാകുകയായിരുന്നു. സുന്നി-ഷിയാ സംഘര്‍ഷം രാജ്യത്ത് ഇതിനകം തന്നെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ പ്രശ്നമാണ്. അന്‍ബര്‍ പ്രവിശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ രാജ്യത്തിന്റെ ഏകത്വവും നിലനില്‍പ്പും തന്നെ ചോദ്യം ചെയ്യപ്പെട്ടെക്കാം.