ലാവ്‌ലിന്‍ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിനെ കക്ഷി ചേര്‍ക്കുന്നതിനെ സി.ബി.ഐ എതിര്‍ത്തു. സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോള്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് സി.ബി.ഐ അറിയിച്ചു.
സര്‍ക്കാരുകള്‍ മാറി മാറി വരുമെന്നും എന്നാല്‍ സി.ബി.ഐയ്ക്ക് എന്നും ഒരേ നിലപാടാണ് ഉള്ളതെന്നും സര്‍ക്കാര്‍ നടപടി സി.ബി.ഐയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ പി. ചന്ദ്രശേഖര പിള്ള പറഞ്ഞു. ജസ്റ്റിസ് കെ. രാമകൃഷ്ണനാണ് കേസ് പരിഗണിച്ചത്. സര്‍ക്കാറിനെ കക്ഷി ചേര്‍ക്കണമെന്ന ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐയ്ക്കു സാവകാശം അനുവദിച്ചു.
ലാവലിന്‍ കേസില്‍ പ്രതികളായിരുന്ന മുന്‍ വൈദ്യുതി മന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴു പ്രതികളെ കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി റദ്ദാക്കാനാണ് സി.ബി.ഐ റിവിഷന്‍ ഹര്‍ജി നല്‍കിയിരുന്നത്. അതില്‍ സംസ്ഥാന സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി സി.ബി.ഐ ചേര്‍ത്തിരുന്നില്ല. അതിനാല്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കാന്‍ കക്ഷി ചേര്‍ക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം.
ലാവലിന്‍ അഴിമതി മൂലം സംസ്ഥാന സര്‍ക്കാറിന് 374 കോടിയില്‍ കൂടുതല്‍ തുക നഷ്ടമുണ്ടായിട്ടുണ്ടെന്നും അതിനാല്‍ ഈ അഴിമതിക്കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി വിധി തികച്ചും നിയമ വിരുദ്ധമായതാണെന്നുമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസിഫ് അലി കോടതിയില്‍ ബോധിപ്പിച്ചത്. ലാവലിന്‍ കേസില്‍ സര്‍ക്കാറിന്റെ എല്ലാ താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടാണ് അന്വേഷണം നടത്തിയതെന്ന് സി.ബി.ഐയുടെ അഭിഭാഷകന്‍ പറഞ്ഞു.