Skip to main content
ന്യൂയോര്‍ക്ക്

വെടിയുണ്ടകളുമായി യു.എസ് പോലീസ് ഉദ്യോഗസ്ഥന്‍ ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി. മാനി എന്‍കാര്‍നാഷിയന്‍ എന്ന ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസറെയാണ് ആയുധ നിയമം ലംഘിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്തത് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയില്‍ എത്തിയതായിരുന്നു മാനി.

 


ബാഗില്‍ വസ്ത്രങ്ങളും മറ്റും നിറയ്ക്കുമ്പോള്‍ അബദ്ധത്തില്‍ വെടിയുണ്ടകള്‍ വെച്ചുപോയതാണെന്നാണ് ഇയാള്‍ പറയുന്നത്. കേസ് നടപടികള്‍ പൂര്‍ത്തിയാകും വരെ ഇയാള്‍ രാജ്യം വിട്ടുപോകുന്നത് തടഞ്ഞിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ മോചനത്തിനായി യു.എസ് നയതന്ത്രതലത്തില്‍ നീക്കം സജീവമാക്കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഈ മാസം 19-ന് കോടതിയിൽ ഹാജരാക്കും.

 

 

ഇന്ത്യൻനയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡെക്കെതിരെ യു.എസ് കൈക്കൊണ്ട നടപടികള്‍ക്കെതിരെ ഇന്ത്യ ഈ പോലീസുകാരന്റെ അറസ്റ്റിലൂടെ പ്രതികാരം ചെയ്യുകയാണെന്നാണ് ന്യൂയോര്‍ക്കിലെ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. യു.എസ് പത്രങ്ങൾ വലിയ വാർത്താ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.