Skip to main content
വിഴുപുരം

തമിഴ്‌നാട്ടിലെ വിഴുപുരം ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന്‍ വയസ്സുകാരി ആര്‍. മധുമിത മരിച്ചു. 18 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ ഞായറാഴ്ച മൂന്ന്‍ മണിയ്ക്ക് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കള്ളാക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് 40 മിനിറ്റുകള്‍ക്ക് ശേഷം കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

 

അച്ഛന്‍ എം. രാമചന്ദ്രന്റെ കൃഷിസ്ഥലത്ത് പണിത് ഉപേക്ഷിച്ച കുഴല്‍ക്കിണറിലാണ് പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മധുമിത ശനിയാഴ്ച കാലത്ത് എട്ടുമണിയ്ക്ക് വീണത്. ഉപയോഗശൂന്യമായ കിണറിന്റെ മേല്‍ഭാഗം പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടാണ് മൂടിയിരുന്നത്.

 

borewell rescue effort in tamil naduജലസേചന ആവശ്യത്തിനായി 500 അടി താഴ്ചയില്‍ കിണര്‍ കുഴിച്ചെങ്കിലും വെള്ളം ലഭിച്ചിരുന്നില്ല. ആദ്യ 30 അടി എട്ടിഞ്ച് വ്യാസത്തിലും പിന്നീടുള്ള ഭാഗം ആറിഞ്ച് വ്യാസത്തിലുമാണ് കുഴിച്ചിരുന്നത്. 30 അടി താഴ്ചയിലാണ് മധുമിത കുടുങ്ങിക്കിടന്നത്. കുഴിയില്‍ നിന്ന്‍ പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ സമാന്തരമായി കുഴി കുഴിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍, മണ്ണിന്റെ കാഠിന്യം രക്ഷാപ്രവര്‍ത്ത‍നത്തെ സാവധാനത്തിലാക്കി. പുറത്തെടുക്കുമ്പോള്‍ കുട്ടിയ്ക്ക് ബോധമുണ്ടായിരുന്നില്ല.

 

രാമചന്ദ്രന്റെ ഏകമകളാണ് മധുമിത. മരണം മധുമിതയുടെ സ്വദേശമായ വേലനന്താള്‍ പഞ്ചായത്തിലേയും പരിസര പ്രദേശത്തേയും ജനങ്ങളെ അതീവ ദു:ഖത്തിലാഴ്ത്തി.