അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ചെയര്‍മാനായി ബി.സി.സി.ഐ അധ്യക്ഷനായിരുന്ന എന്‍. ശ്രീനിവാസനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ നടക്കുന്ന ഐ.സി.സി വാര്‍ഷിക യോഗത്തില്‍ വ്യാഴാഴ്ച 52-അംഗ കൗണ്‍സില്‍ സംഘടനയുടെ ഭരണഘടനയിലെ ഭേദഗതികള്‍ അംഗീകരിച്ചതോടെയാണ് പ്രതീക്ഷിക്കപ്പെട്ടിരുന്ന തെരഞ്ഞെടുപ്പിന് അംഗീകാരമായത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യോഗത്തിന് ഒടുവില്‍ ശ്രീനിവാസന് ചുമതലയേല്‍ക്കും.
ഇന്ത്യന്‍ ക്രിക്കറ്റ് നിയന്ത്രണ ബോര്‍ഡ് (ബി.സി.സി.സി) ആണ് ശ്രീനിവാസന്റെ പേര് നിര്‍ദ്ദേശിച്ചത്. അതേസമയം, ബി.സി.സി.ഐ അധ്യക്ഷനായിരുന്ന ശ്രീനിവാസന് സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണ്. 2013-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നടന്ന വാതുവെപ്പിലും ഒത്തുകളിയിലും ശ്രീനിവാസന് പങ്കുണ്ടെന്ന സുപ്രീം കോടതി നിയോഗിച്ച മുഗ്ദല്‍ സമിതിയുടെ പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് മുകുള്‍ മുഗ്ദലിന്റെ നേതൃത്വത്തിലുള്ള സമിതി ഐ.പി.എല്‍ വാതുവെപ്പിന്റെ അന്വേഷണം സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഐ.സി.സിയുടെ മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഭരണഘടനയിലെ ഭേദഗതികള്‍. ക്രിക്കറ്റ് ആസ്ത്രേലിയുടെ ചെയര്മാന് വാലി എഡ്വേര്‍ഡ്സ് ആണ് പുതുതായി രൂപീകരിച്ച നിര്‍വ്വാഹക സമിതിയുടെ ചെയര്മാന്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ഗൈല്‍സ് ക്ലാര്‍ക്ക് ധന-വാണിജ്യ കാര്യ സമിതിയുടെ ചെയര്മാന് ആയി തുടരും. ബംഗ്ലാദേശ് പ്രതിനിധി മുസ്തഫ കമാല്‍ ആണ് പുതിയ ഐ.സി.സി പ്രസിഡന്റ്.
