വടക്കന്‍ ഇറാഖിന്റെ നിയന്ത്രണം കൈയടക്കിയ സുന്നി തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) പോരാളികള്‍ക്ക് എതിരെ യു.എസ് സേനയുടെ വ്യോമാക്രമണം തുടരുന്നു. ഇറാഖിലെ കുര്‍ദ് പ്രദേശത്തിന്റെ തലസ്ഥാനമായ എര്‍ബില്‍ ലക്ഷ്യമാക്കി ഐ.എസ് മുന്നേറുന്ന പശ്ചാത്തലത്തിലാണ് ആക്രമണം. ഐ.എസ് വംശഹത്യയ്ക്ക് മുതിരുകയാണെന്ന് ആരോപിച്ച യു.എസ് പ്രസിഡന്റ് ബരാക് ഒബാമ വ്യാഴാഴ്ച വ്യോമാക്രമണത്തിന് അനുമതി നല്‍കിയതോടെയാണ് 2011-ല്‍ സൈന്യത്തെ പിന്‍വലിച്ച ശേഷം യു.എസ് ഇറാഖില്‍ വീണ്ടും സൈനിക നടപടി ആരംഭിച്ചത്.
യു.എസ് എണ്ണക്കമ്പനികളുടെ ഒരു പ്രധാനകേന്ദ്രമായ എര്‍ബിലിലേക്ക് അര മണിക്കൂര്‍ മാത്രം സഞ്ചരിച്ചെത്താന്‍ കഴിയുന്ന ദൂരത്താണ് ഐ.എസ് പോരാളികള്‍. ഇറാഖിലെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിയന്ത്രണവും ഐ.എസ് കയ്യടക്കിയിട്ടുണ്ട്. പോരാട്ടം രൂക്ഷമാകുകയാണെങ്കില്‍ നഗരങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാക്കാനും ജല-വൈദ്യുതി വിതരണം തടയാനും ഇത് അവരെ സഹായിക്കും.
ബാഗ്ദാദ് സര്‍ക്കാര്‍ കുര്‍ദ് സ്വയംഭരണ പ്രവിശ്യയിലെ പോരാളികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. സ്വതന്ത്ര രാഷ്ട്രമെന്ന കുര്‍ദ് വിഭാഗക്കാരുടെ ആവശ്യത്തെ തുടര്‍ന്ന്‍ പരസ്പരം ശത്രുതയില്‍ കഴിഞ്ഞിരുന്ന ഇരുകൂട്ടരും തമ്മിലുള്ള അപൂര്‍വ്വ സഹകരണത്തിനും ഐ.എസ് ആക്രമണം കാരണമാകുകയാണ്.
ഐ.എസില്‍ നിന്ന്‍ രക്ഷപ്പെടാന്‍ സിന്ജാര്‍ കുന്നില്‍ അഭയം തേടിയ പതിനായിരക്കണക്കിന് യസീദി വിഭാഗക്കാര്‍ക്ക് യു.എസ് വ്യോമമാര്‍ഗ്ഗം ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. പ്രദേശത്തിന്റെ നിയന്ത്രണം കയ്യടക്കിയ ഐ.എസ് പോരാളികള്‍ ഇവരെ പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നില്ല. കുര്‍ദ് ഗോത്രവിഭാഗത്തില്‍ പെടുന്ന യസീദികള്‍ സോറാഷ്ട്രിയന്‍ മതവിശ്വാസികളാണ്.
നേരത്തെ, സിറിയയിലും ഇറാഖിലും കീഴടക്കിയ പ്രദേശങ്ങളെ ചേര്‍ത്ത് ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപിച്ച ഐ.എസ് ന്യൂനപക്ഷങ്ങളോട് ഒന്നുകില്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താനോ പ്രദേശം വിടാനോ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ മരണത്തെ നേരിടാന്‍ തയ്യാറായിരിക്കാനും സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച ലെബനനിലും ഐ.എസ് ആക്രമണം നടത്തിയിരുന്നു.

