Skip to main content
ബാഗ്ദാദ്

 

ഡെപ്യൂട്ടി സ്പീക്കര്‍ ഹൈദര്‍ അല്‍-അബാദിയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച പ്രസിഡന്റ് ഫൌദ് മസൗമിന്റെ നടപടി ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നു. എന്നാല്‍, ഇത് ഭരണഘടനയുടെ ലംഘനമാണെന്ന്‍ കഴിഞ്ഞ എട്ടു വര്‍ഷമായി പ്രധാനമന്ത്രി പദവി വഹിക്കുന്ന നൌറി അല്‍-മാലിക്കി പ്രതികരിച്ചു. എന്നാല്‍, അബാദിയുമായി ഫോണില്‍ സംസാരിച്ച യു.എസ് പ്രസിഡന്റ് ബരാക് ഒബാമ നിയമനത്തെ സ്വാഗതം ചെയ്തു.

 

മാലിക്കിയുടെ ദവ പാര്‍ട്ടി അടങ്ങുന്ന ഇറാഖി ദേശീയ സഖ്യത്തിലെ 170-ല്‍ അധികം പാര്‍ലിമെന്റ് അംഗങ്ങളില്‍ 127 പേര്‍ അബാദിയെ പിന്തുണച്ച് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് അബാദിയെ ക്ഷണിച്ചത്. ദവ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവാണ് അബാദി.   

 

ഏപ്രില്‍ 30-ന് നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന്‍ മാലിക്കി ഇടക്കാല പ്രധാനമന്ത്രിയായി തുടരുകയായിരുന്നു. ദവ പാര്‍ട്ടിയ്ക്കാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചതെങ്കിലും മാലിക്കിയെ മൂന്നാമതും പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിക്കില്ലെന്ന് ഭരണസഖ്യത്തിലെ മറ്റ് കക്ഷികള്‍ പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ പ്രതിസന്ധി ഉടലെടുത്തത്.

 

നേരത്തെ പിന്തുണച്ചിരുന്ന യു.എസ്, ഇറാന്‍ എന്നീ രാജ്യങ്ങളുമായുള്ള മാലിക്കിയുടെ ബന്ധവും സമീപകാലത്ത് വഷളായിരുന്നു. ഇറാഖിലെ സുന്നി-ഷിയാ വിഭാഗീയ ആക്രമണങ്ങള്‍ രൂക്ഷമായതില്‍ മാലിക്കിയുടെ നയങ്ങള്‍ പങ്ക് വഹിച്ചതായി ഈ രാഷ്ട്രങ്ങള്‍ കരുതുന്നു.

 

ഇറാഖിന്റെ വടക്കന്‍ ഭാഗങ്ങള്‍ സുന്നി തീവ്രവാദ സംഘടന ഇസ്ലാമിക് സ്റ്റേറ്റ് കയ്യടക്കിയതും അധികാരത്തില്‍ തുടരാനുള്ള മാലിക്കിയുടെ സാധ്യത കുറച്ചു. ഇറാഖിലെ കുര്‍ദ് മേഖലകള്‍ ലക്ഷ്യമാക്കി നീങ്ങുന്ന ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്കെതിരെ വ്യോമാക്രമണം തുടങ്ങിയ യു.എസ് സേന തങ്ങളുടെ പ്രഖ്യാപിത നയം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പൊരുതുന്ന കുര്‍ദ് വിമത സായുധ വിഭാഗങ്ങള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.