യു.എസ് മാദ്ധ്യമപ്രവര്ത്തകന് സ്റ്റീവന്‍ സോട്ട്ലോഫിനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികള്‍ പുറത്തുവിട്ടു. വടക്കന്‍ ഇറാഖിലും സിറിയയുടെ ഭാഗങ്ങളിലും നിയന്ത്രണം കയ്യടക്കിയിട്ടുള്ള സുന്നി തീവ്രവാദ സംഘടന ഐ.എസ് വധിക്കുന്ന രണ്ടാമത്തെ യു.എസ് പൗരനാണ് സോട്ട്ലോഫ്. വീഡിയോ യു.എസ് സ്ഥിരീകരിച്ചു. നേരത്തെ വധിക്കപ്പെട്ട ജയിംസ് ഫോളിയും മാദ്ധ്യമപ്രവര്‍ത്തകനായിരുന്നു.
ഫോളിയെ വധിച്ച, ബ്രിട്ടിഷ് ഉച്ചാരണ ശൈലിയില്‍ സംസാരിക്കുന്ന അതേ വ്യക്തിയാണ് പുതിയ വീഡിയോയിലും വധം നടത്തുന്നത്. വീഡിയോ ചിത്രീകരിച്ച സ്ഥലവും സമാനമാണ്. ഫോളിയുടെ വധം ചിത്രീകരിച്ച് ആഗസ്ത് 19-ന് പുറത്തുവിട്ട വീഡിയോവില്‍ സോട്ട്ലോഫിനെ വധിക്കുമെന്ന് ഐ.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 31-കാരനായ സോട്ലോഫ് സ്വതന്ത്ര മാദ്ധ്യമപ്രവര്ത്തകന് ആയിരുന്നു. സിറിയയില്‍ 2013 ആഗസ്തിന് ശേഷമാണ് സോട്ട്ലോഫിനെ കാണാതായത്.
യു.എസുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറാന് മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ട കൊലയാളി തടവിലുള്ള ബ്രിട്ടിഷ് പൗരന് ഡേവിഡ് ഹെയിന്‍സിനെ അടുത്തതായി വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ ബ്രിട്ടിഷ് സൈനികനായ ഹെയിന്‍സ് സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനായാണ് ഇറാഖില്‍ എത്തിയത്.
ഐ.എസ് തീവ്രവാദികള്‍ക്ക് നേരെ യു.എസ് വ്യോമാക്രമണം തുടങ്ങിയതോടെയാണ് പ്രതികാരമെന്ന് പ്രഖ്യാപിച്ച് നേരത്തെ തടവിലാക്കിയ യു.എസ് പൗരരെ വധിക്കാന്‍ ഐ.എസ് തുടങ്ങിയത്. അതേസമയം, ആക്രമണം യു.എസ് തുടരുകയാണ്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലേക്ക് യു.എസ് നയതന്ത്ര കേന്ദ്രങ്ങളുടേയും ഉദ്യോഗസ്ഥരുടേയും സുരക്ഷയ്ക്കായി 350 സൈനികരെ കൂടി അയക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉത്തരവിട്ടിട്ടുണ്ട്.