ന്യൂഡല്‍ഹി: മലയാളി താരം ശ്രീശാന്ത് ഉള്‍പ്പടെ മൂന്ന്‍ രാജസ്താന്‍ റോയല്‍സ് കളിക്കാര്‍ക്കെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തില്‍ ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിച്ചു. ഞായറാഴ്ച ചേര്‍ന്ന ബി.സി.സി.ഐ പ്രവര്‍ത്തക യോഗമാണ് തീരുമാനമെടുത്തത്. ബോര്‍ഡിന്റെ അഴിമതി വിരുദ്ധ സെല്‍ മേധാവി രവി സവാനിക്കാണ് അന്വേഷണ ചുമതല.
സവാനിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കുറ്റക്കാര്‍ക്കെതിരെ ബോര്‍ഡ് നടപടിയെടുക്കുകയെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കളിക്കാരുടെ ഏജന്റുമാര്‍ക്ക് അക്രഡിറ്റെഷന്‍ സമ്പ്രദായം കൊണ്ടുവരുമെന്നും കളിക്കാരെ സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുമെന്നും ശ്രീനിവാസന്‍ അറിയിച്ചു.
എല്ലാ ഐ.പി.എല്‍ ടീമുകള്‍ക്കും അഴിമതി വിരുദ്ധ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ രാജസ്താന്‍ റോയല്‍സ് മാനേജ്മെന്റും പങ്കെടുത്തു. കളിക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ടീം ബി.സി.സി.ഐയെ അറിയിച്ചു.