Skip to main content
കീവ്

eastern ukraine

 

കിഴക്കന്‍ യുക്രൈനിലെ പ്രവിശ്യകളായ ഡോനെറ്റ്സ്കിനും ലുഹാന്‍സ്കിനും മൂന്ന്‍ വര്‍ഷത്തേക്ക് താല്‍ക്കാലിക സ്വയംഭരണം അനുവദിക്കുന്ന നിയമം യുക്രൈന്‍ പാര്‍ലിമെന്റ് പാസാക്കി. റഷ്യന്‍ വംശജര്‍ക്ക് ഭൂരിപക്ഷമുള്ള ഈ പ്രവിശ്യകള്‍ കീവിലെ പാശ്ചാത്യ അനുകൂല സര്‍ക്കാറിനെ എതിര്‍ക്കുന്ന വിമതരുടെ നിയന്ത്രണത്തിലാണ്.

 

നാല് മാസത്തിലധികമായി നടന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ ഭാഗമായി ആക്രമണങ്ങളില്‍ പങ്കെടുത്ത പോരാളികളില്‍ ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്തവര്‍ക്ക് ഒഴിച്ച് മാപ്പ് നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സെപ്തംബര്‍ അഞ്ചിന് നടപ്പില്‍ വന്ന വെടിനിര്‍ത്തല്‍ നടപടിയുടെ തുടര്‍ച്ചയായി മേഖലയില്‍ സമാധാനം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയമം. സ്വാതന്ത്ര്യം എന്ന ആവശ്യം ഉപേക്ഷിച്ചാല്‍ മേഖലയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താമെന്നും നിയമത്തില്‍ പറയുന്നു.

 

യുക്രൈനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒരു സഹകരണ കരാറും യൂറോപ്യന്‍ പാര്‍ലമെന്റും യുക്രൈന്‍ പാര്‍ലമെന്റും പാസാക്കിയിട്ടുണ്ട്. റഷ്യയുമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കരാറിലെ സ്വതന്ത്രവ്യാപാര നിബന്ധനകള്‍ നടപ്പിലാക്കുന്നത് 2016 വരെ നീട്ടിവെച്ചിട്ടുണ്ട്.  

 

യൂറോപ്യന്‍ യൂണിയനുമായുള്ള ഈ കരാര്‍ ഒഴിവാക്കി റഷ്യയുമായി സമാന കരാറില്‍ ഏര്‍പ്പെടാനുള്ള മുന്‍ പ്രസിഡന്റ് വിക്തോര്‍ യാനുകോവിച്ചിന്റെ തീരുമാനമാണ് യുക്രൈനില്‍ ആഭ്യന്തര സംഘര്‍ഷത്തിന് കാരണമായത്. യാനുകോവിച്ചിനെതിരെ കഴിഞ്ഞ നവംബറില്‍ തുടങ്ങിയ ജനായത്ത പ്രക്ഷോഭം ഈ വര്‍ഷം ഫെബ്രുവരിയില്‍ അക്രമാസക്തമാകുകയും യാനുകോവിച്ചിനെ സ്ഥാനഭ്രഷ്ടനാക്കി പാശ്ചാത്യ രാഷ്ട്രങ്ങള്‍ പിന്തുണയ്ക്കുന്ന ഒരു വിഭാഗം അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്നാണ് കിഴക്കന്‍ യുക്രൈനിലെ പ്രവിശ്യകളിലെ റഷ്യന്‍ വംശജരായ വിമതര്‍ ആരംഭിച്ച കലാപം ആഭ്യന്തര യുദ്ധമായി മാറി. കിഴക്കന്‍ യുക്രൈനില്‍ ആക്രമണങ്ങളില്‍ ഏകദേശം 3000 പേര്‍ കൊല്ലപ്പെടുകയും 3.1 ലക്ഷം പേര്‍ ഭവനരഹിതരായെന്നുമാണ്‌ യു.എന്‍ കണക്കുകള്‍.