Skip to main content

ന്യൂഡല്‍ഹി: ഐ.പി.എല്‍. ഒത്തുകളിയുമായി ബന്ധപ്പെട്ട് ചൊവാഴ്ച റിമാന്‍ഡ് കാലാവധി തീരുന്ന ശ്രീശാന്ത് അടക്കം മൂന്ന് കളിക്കാരുടെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ കോടതിയോട് ആവശ്യപ്പെടുമെന്ന്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ മുന്‍ രഞ്ജി താരം ബാബുറാവ് യാദവിനെ ചൊവ്വാഴ്ച ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.

 

ചോദ്യം ചെയ്യുന്നതിന് വേണ്ടി യാദവിനെ തിങ്കളാഴ്ച  തന്നെ ഡല്‍ഹിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നേരത്തെ ശ്രീശാന്തിനൊപ്പം അറസ്റ്റിലായ അജിത്‌ ചാന്ദിലയുടെ സുഹൃത്താണ് യാദവ്. ചാന്ദിലക്ക് വാതുവെപ്പുകാരന്‍ സുനില്‍ ഭാട്ടിയയെ പരിചയപ്പെടുത്തി കൊടുത്തത് യാദവാണെന്ന് പോലീസ് പറയുന്നു. ഭാട്ടിയായും സംഭവത്തില്‍ നേരത്തെ അറസ്റ്റിലായവരില്‍പ്പെടും.

 

ശ്രീശാന്ത്, ചാന്ദില, അങ്കീത് ചവാന്‍ എന്നീ കളിക്കാരുടെയും എട്ടു വാതുവെപ്പുകാരുടേയും റിമാന്‍ഡ് കാലാവധി ചൊവ്വാഴ്ച തീരുകയാണ്. ഇവരുടെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ ആവശ്യപ്പെടുമെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

അതിനിടെ രാജസ്ഥാന്‍ റോയല്‍സിന്റെ കളി കണ്ട രണ്ടു കാണികള്‍ കളിക്കാര്‍ക്കെതിരെ വഞ്ചനക്ക് പരാതി നല്‍കിയിട്ടുണ്ട്.