Skip to main content
റായ്പൂര്‍

 

ഛത്തിസ്‌ഗഡിലെ ബിലാസ്പൂറില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കുടുംബാസൂത്രണ ക്യാംപില്‍ ശനിയാഴ്ച വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായ 11 സ്ത്രീകള്‍ മരിച്ചു. മറ്റ് 20 സ്ത്രീകളുടെ നില ഗുരുതരമാണെന്നും ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശസ്ത്രക്രിയയിലെ അശ്രദ്ധയാണ് മരണ കാരണമെന്നാണ് പ്രാഥമിക അനുമാനം.

 

സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി അമര്‍ അഗര്‍വാളിന്റെ ജില്ലയിലാണ് സംഭവം. സംസ്ഥാന ആരോഗ്യ വകുപ്പ് മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായധനമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

 

കുടുംബാസൂത്രണ പദ്ധതി അനുസരിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന സ്ത്രീയ്ക്ക് 1,400 രൂപയും ഇവരെ എത്തിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു സ്ത്രീയ്ക്ക് 200 രൂപ വെച്ചും നല്‍കിയിരുന്നു. ഏകദേശം 85 പേരെയെങ്കിലും ശനിയാഴ്ച ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും പിന്നീട് പനിയും വേദനയും അനുഭവപ്പെടുന്നതായി പരാതിപ്പെടുകയായിരുന്നു. 55 സ്ത്രീകള്‍ പ്രശ്നം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.