മുതിര്‍ന്ന ചലച്ചിത്ര സംവിധായകനും ദാദാസാഹബ് ഫാല്‍കെ പുരസ്കാര ജേതാവുമായ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
തമിഴ് ചലച്ചിത്ര ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളാണ് കൈലാസം ബാലചന്ദര്‍ എന്ന സംവിധായകന്റെ സംഭാവനകളില്‍ പ്രധാനം. അനതിസാധാരണമായ പ്രമേയങ്ങള്‍ യഥാതഥ രീതിയില്‍ ചിത്രീകരിച്ച അദ്ദേഹം തമിഴ് ചലച്ചിത്രത്തെ അതിനാടകീയതയുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ബാലചന്ദര്‍ ചിത്രങ്ങളുടെ സവിശേഷതയായിരുന്നു.
രജനികാന്ത്, കമല്‍ ഹാസന് എന്നീ രണ്ട് താരങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച സംവിധായകനാണ് ബാലചന്ദര്‍. നാലര പതിറ്റാണ്ടിലേറെ നീണ്ട തന്റെ ചലച്ചിത്ര ജീവിതത്തില്‍ ഇവരടക്കം ഒട്ടേറെ പ്രതിഭകളെ അദ്ദേഹം സിനിമയ്ക്ക് പരിചയപ്പെടുത്തി.
1965-ല്‍ നീര് കുമിഴി എന്ന ചിത്രം സംവിധാനം ചെയ്താണ് സിനിമാരംഗത്തേക്ക് ബാലചന്ദര്‍ കടന്നുവന്നത്. നൂറിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം തന്റെ കവിതാലയ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. അഭിനേതാവ് എന്ന നിലയിലും ശ്രദ്ധ നേടി.
ഒന്‍പത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ചലച്ചിത്ര മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പരമോന്നത ബഹുമതിയായ ദാദാസാഹബ് ഫാല്‍കെ അവാര്‍ഡും അടക്കം വിവിധ ചലച്ചിത്ര പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. രാഷ്ട്രം അദ്ദേഹത്തെ പദ്മശ്രീ ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്.
