Skip to main content

muthoot logos

 

വിവിധ മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വന്‍ തുകയുടെ ആദയനികുതി വെട്ടിപ്പും സ്വര്‍ണ്ണലേലത്തില്‍ ക്രമക്കേടുകളും കണ്ടെത്തിയതായി സൂചന. ഇത് സംബന്ധിച്ച തുടര്‍നടപടികളിലേക്ക് വകുപ്പ് നീങ്ങുന്നതായാണ് അറിയുന്നത്.

 

മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മിനി മുത്തൂറ്റ് എന്നീ കമ്പനികളുടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള അറുപതോളം കേന്ദ്രങ്ങളില്‍ ആഗസ്ത് അഞ്ച് മുതലുള്ള ദിവസങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. കമ്പനി ഉടമകളുടെ വസതികളില്‍ അടക്കം പരിശോധന നടന്നു. പണയത്തില്‍ പിടിക്കുന്ന സ്വര്‍ണ്ണത്തിന്റെ ലേലത്തില്‍ ക്രമക്കേട് നടത്തി കമ്പനികള്‍ അനധികൃതമായി ലാഭമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ പരിശോധന എന്നറിയുന്നു.

 

സംശയകരമായ അക്കൌണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയും വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നതും അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന്‍ ലഭിക്കുന്ന സൂചന. മൂന്ന്‍ കമ്പനികളുടെയും ഉടമകളെ വൈകാതെ ചോദ്യം ചെയ്തേക്കും. നാല് ദിവസമായി നടന്ന പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളുടെ വിശദപരിശോധനയ്ക്ക് ഒരു മാസത്തോളം സമയമെടുക്കുമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

 

അതേസമയം, ആദായനികുതി വകുപ്പ് നടത്തിയത് സാധാരണ നടപടി മാത്രമാണെന്നും പരിശോധനയുമായി തങ്ങള്‍ പൂര്‍ണ്ണമായും സഹകരിച്ചതായും കമ്പനികള്‍ വാര്‍ത്താകുറിപ്പിലൂടെ പറയുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 524 കോടി രൂപ നികുതി അടച്ച തങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ നികുതിദായകരെന്നും മുത്തൂറ്റ് ഫിനാന്‍സ് കൂട്ടിച്ചേര്‍ക്കുന്നു.

 

സ്വര്‍ണ്ണപ്പണയ രംഗത്തെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ രാജ്യത്തെ തന്നെ മുന്‍നിര കമ്പനികളാണ് മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് ഫിന്‍കോര്‍പ്പും. എന്നാല്‍, ഈ വന്‍ കമ്പനികളില്‍ നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് ആനുപാതികമായ പ്രാധാന്യം മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ ഉണ്ടായില്ല എന്ന വസ്തുതയും ശ്രദ്ധേയമാണ്.  

Tags