തോമസ് ചാണ്ടി വിഷയം ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായില്ല. എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്ന് നിന്ന് സി.പി.ഐയുടെ നാല് മന്ത്രിമാര്‍ വിട്ടു നിന്നു. മന്ത്രിസഭാ യോഗം നടക്കുന്ന അതേ ബ്ലോക്കിലുണ്ടായിട്ടും മന്ത്രി ഇ.ചന്ദ്രേശഖരന്റെ ഓഫീസിസില് ഇരിക്കുകയായിരുന്നു നാലു മന്ത്രിമാരും.
തോമസ് ചാണ്ടി പങ്കെടുക്കുന്നതിനാല്‍ തങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇ.ചന്ദ്രേശഖരന് കത്ത് നല്‍കിയിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇത് തീര്‍ത്തും അസാധാരണ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് രാവിലെ എന്‍സിപി നേതാക്കള്‍ അറിയിച്ചിരുന്നു. പത്തരയ്ക്ക് ശേഷം ചര്‍ച്ച നടക്കും, എന്‍.സി.പിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാം. ഒരു മുന്നണി എന്ന നിലയില്‍ ഘടക കക്ഷികള്‍ക്ക് അര്‍ഹിക്കുന്ന മാന്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

