ഈജിപ്ത് പ്രസിഡന്റ് മൊഹമ്മദ് മൊര്‍സിയെ സൈന്യം അധികാരത്തില്‍ നിന്ന് നീക്കി. ബുധനാഴ്ച രാത്രി സൈന്യാധിപന്‍ ജനറല്‍ അബ്ദെല്‍ ഫത്തേ അല്‍-സിസി പുറപ്പെടുവിച്ച പ്രഖ്യാപനത്തില്‍ ഭരണഘടന റദ്ദ് ചെയ്യുകയും ഭരണഘടനാ കോടതിയുടെ തലവനെ താല്‍ക്കാലിക പ്രസിഡന്റായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക നേതൃത്വം, മതാധികാരികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം നടത്തിയ ടെലിവിഷന്‍ പ്രക്ഷേപണത്തില്‍ പുതിയ പ്രസിഡന്റ്, പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ്, ഭരണഘടന പുന:പരിശോധന, യുവജന പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദേശീയ അനുരഞ്ജന സമിതി എന്നിവക്ക് ജനറല്‍ അല്‍-സിസി ആഹ്വാനം നല്‍കി.
ജനാധിപത്യ പ്രക്ഷോഭത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ഇസ്ലാമിക വാദിയായ മൊര്‍സിക്കെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന്‍ തിങ്കളാഴ്ച സൈന്യം പ്രസിഡന്റിന് പരിഷ്കാരങ്ങള്‍ക്കായി 48 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇത് ബുധനാഴ്ച അവസാനിച്ച പശ്ചാത്തലത്തിലാണ് സൈന്യത്തിന്റെ നീക്കം. മൊര്‍സി അധികാരത്തില്‍ ഒരുവര്‍ഷം തികച്ച ജൂണ്‍ 30-നായിരുന്നു ജനാധിപത്യ പ്രക്ഷോഭത്തിന്റെ കേന്ദ്രമായ കൈറോയിലെ തഹ്രീര്‍ ചത്വരത്തില്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചത്.
മൊര്‍സിയുടെ പാര്‍ട്ടിയായ മുസ്ലിം ബ്രദര്‍ഹുഡിന് ആധിപത്യമുള്ള ഭരണഘടനാ നിര്‍മ്മാണ സഭ രൂപീകരിച്ച ഭരണഘടനക്കെതിരെയായിരുന്നു പ്രതിഷേധം രൂക്ഷം. എന്നാല്‍, ഭരണഘടനാ റഫറണ്ടം ഉള്‍പ്പെടെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ബ്രദര്‍ഹുഡിനായിരുന്നു ജയം.
ബുധനാഴ്ച പകല്‍ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തിയ സൈനിക നേതൃത്വം വൈകിട്ടോടെ പ്രസിഡന്‍ഷ്യല്‍ പാലസിന് ചുറ്റും പീരങ്കികള്‍ വിന്യസിച്ചു. പാലസിന് സമീപമുള്ള ചത്വരത്തില്‍ മൊര്‍സിയുടെ അനുകൂലികള്‍ തമ്പടിച്ചിട്ടുണ്ട്. മൊര്‍സി വസതിയിലുണ്ടോ എന്ന്‍ വ്യക്തമായിട്ടില്ല.
