കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കുന്നതിന് സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ഡല്‍ഹിയില്‍ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ എല്ലാ മേഖലയ്ക്കും കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് കേന്ദ്രത്തിന്റെ എല്ലാവിധ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.