Skip to main content
ന്യൂഡല്‍ഹി

പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തില്‍ അന്തിമ തീരുമാനം നീട്ടി. വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനം പ്രവര്‍ത്തക സമിതിക്ക് വിട്ടതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്വിജയ സിംഗ് അറിയിച്ചു.

 

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി, ഉപമുഖ്യമന്ത്രി ദാമോദര്‍ രാജ നരസിംഹ, പി.സി.സി. അധ്യക്ഷന്‍ ബോട്സ സത്യനാരായണ എന്നിവര്‍ തെലുങ്കാന പ്രശ്‌നത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ട്‌ കോര്‍കമ്മിറ്റി അംഗങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഉപമുഖ്യമന്ത്രി ദാമോദര്‍ രാജ നരസിംഹ പ്രത്യേക തെലുങ്കാന സംസ്ഥാനത്തിനായി  ശക്തമായ നിലപാടാണെടുത്തിട്ടുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനും ഐക്യ ആന്ധ്രപ്രദേശ്‌ എന്ന നിലപാടിലാണ്.

 

പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് അനുകൂല അഭിപ്രായമാണ് കോര്‍കമ്മിറ്റിയില്‍  ഉയര്‍ന്നത്. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത സമിതിയായ പ്രവര്‍ത്തകസമിതി ഇക്കാര്യം ചര്‍ച്ചചെയ്യട്ടെ എന്ന് തീരുമാനമായത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും പങ്കെടുത്തു.