പാലക്കാട്: കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ (87) അന്തരിച്ചു. രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ച ആദ്യ കഥകളികലാകാരനാണ്. തിങ്കളാഴ്ച വൈകുന്നേരം വെള്ളിനേഴി ഞാളാകുറുശ്ശിയിലെ 'തെങ്ങിന്‍തോട്ടത്തില്‍' വീട്ടിലായിരുന്നു അന്ത്യം. ശവസംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
കഥകളികലാകാരന്‍, കളിയാശാന്‍, കലാമണ്ഡലം പ്രിന്‍സിപ്പല്‍ തുടങ്ങി പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച രാമന്‍കുട്ടിനായര്‍ പച്ച, കത്തി, വെള്ളത്താടി വേഷങ്ങളില്‍ പകരക്കാരനില്ലാത്ത കലാകാരന്‍ ആയിരുന്നു. 'കിര്‍മീരവധ'ത്തിലെ ധര്‍മപുത്രര്‍, 'കാലകേയവധ'ത്തിലെ അര്‍ജുനന്‍ തുടങ്ങിയ പച്ചവേഷങ്ങള്‍, 'ഉത്ഭവ'ത്തിലെ രാവണന്‍, 'ബാലിവിജയ'ത്തിലെ രാവണന്‍, ചെറിയ നരകാസുരന്‍, ശിശുപാലന്‍, ദുര്യോധനന്‍, കീചകന്‍ തുടങ്ങിയ കത്തിവേഷങ്ങള്‍, ഹനുമാനായുള്ള വെള്ളത്താടി, 'കിരാത'ത്തിലെ കാട്ടാളനായുള്ള കറുത്ത താടി തുടങ്ങിയ വേഷങ്ങള്‍ക്ക് രാമന്‍കുട്ടിനായര്‍ അരനൂറ്റാണ്ടിലേറെക്കാലം ആഹാര്യശോഭ പകര്‍ന്നു.
ഓപ്പത്ത് നാരായണന്‍നായരുടെയും തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും മകനായി 1925 മെയ് 25 ന് വെള്ളിനേഴി കുറുവട്ടൂരില്‍ ജനിച്ച രാമന്‍കുട്ടിനായര്‍ ബാല്യം മുതലേ കഥകളിയുമായി ഇഴുകിച്ചേര്‍ന്നാണ് വളര്‍ന്നത്. ഒളപ്പമണ്ണ മനയില്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴില്‍ കഥകളിയഭ്യസനം തുടങ്ങിയ അദ്ദേഹം പതിമൂന്നാം വയസ്സില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി. 1948 ല്‍ അവിടെ അധ്യാപകനായി ചേര്‍ന്ന അദ്ദേഹം വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. 1985 ല്‍ വിരമിച്ചതിനു ശേഷവും എക്‌സിക്യുട്ടീവ് ബോര്‍ഡംഗം, വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ കലാമണ്ഡലത്തില്‍ തുടര്‍ന്നു.
2000 ല്‍ കേരള സര്‍ക്കാരിന്റെ പ്രഥമ കഥകളിപുരസ്‌കാരം ലഭിച്ച അദ്ദേഹത്തിനെ 2007-ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് (1974), കലാമണ്ഡലം സ്‌പെഷല്‍ അവാര്‍ഡ് (1984), കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (1987), മധ്യപ്രദേശിലെ കാളിദാസ സമ്മാന്‍ (1994), മാനവ വിഭവ ശേഷിവകുപ്പിന്റെ എമിരറ്റസ് പുരസ്കാരം, കലാമണ്ഡലം ഫെലോഷിപ്പ്, കേന്ദ്ര സംഗീതനാടക അക്കാദമി രത്‌ന അവാര്‍ഡ് (2004) തുടങ്ങി ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മുപ്പതിലേറെ തവണ വിദേശപര്യടനം നടത്തി. 'തിരനോട്ടം' അദ്ദേഹത്തിന്റെ ആത്മകഥയാണ്.
ഭാര്യ: സരസ്വതിയമ്മ. മക്കള്‍: നാരായണന്‍കുട്ടി, അപ്പുക്കുട്ടന്‍, വിജയലക്ഷ്മി. മരുമക്കള്‍: പത്മജ, സുധ, രാമചന്ദ്രന്‍.