ജേക്കബ് തോമസ് ഇനി തുടരുന്നത് ദുരന്തത്തിൽ കലാശിക്കും

Glint staff
Fri, 17-03-2017 08:32:22 PM ;

CM pinarayi vijayan, Jacob Thomas, vigilence, Corruption, IAS  

 

ജനായത്ത സംവിധാനത്തിന്റെ അടിസ്ഥാന തത്വം ജനക്ഷേമത്തിന് ഏതു സാഹചര്യത്തിലും പരമ പ്രാധാന്യം കല്‍പ്പിക്കുക എന്നതു തന്നെ. ആ കേന്ദ്ര ബിന്ദുവിൽ നിന്ന് ശ്രദ്ധ പിൻവലിയാതെയുള്ള തീരുമാനങ്ങൾ പേടിയോ മമതയോ ഇല്ലാതെ ഭരണാധികാരി കൈക്കൊള്ളണം. അവിടെയാണ് ഭരണാധികാരിയുടെ ധൈര്യം പ്രകടമാക്കേണ്ടത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്സിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍  അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നത്  കേരള ജനതയ്ക്ക് എല്ലാ രീതിയിലും ദോഷം വരുത്തിവയ്ക്കും.

  

ജേക്കബ് തോമസ് ആ സ്ഥാനത്തു തുടരുന്നതു കൊണ്ട് ഉണ്ടാവുന്ന ദോഷങ്ങൾ ഇവയാണ്:

1. സംസ്ഥാനത്തെ അഴിമതി  എല്ലാ തലത്തിലും മുമ്പെങ്ങുമില്ലാത്ത വിധം വർധിക്കും.

2. സംസ്ഥാനത്ത് ഇപ്പോൾ തുടർന്നു വരുന്ന ഭാഗികമായ ഭരണ സ്തംഭനം കൂടുതൽ ഗുരുതരമാകും.

3, വിജിലൻസ് വകുപ്പ് അപ്രധാനമാകും

4. അഴിമതിയിൽ നിന്ന് ഭരണ സംവിധാനം എന്നെങ്കിലും മുക്തമാകുമെന്ന പ്രതീക്ഷ ഇനങ്ങളിൽ നിന്ന് അപ്രത്യക്ഷമാകും.

 

എടുത്ത തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്ന് തന്നെ കുറിച്ച് മറ്റുള്ളവരിൽ ഉണ്ടെന്ന് മുഖ്യമന്ത്രി കരുതുന്ന പ്രതിഛായ നിലനിർത്തുക എന്ന ഒരു കാരണം മാത്രമേ അദ്ദേഹത്തിന്റെ ഈ നിലപാട് വ്യക്തമാക്കുന്നുള്ളു. അനൗചിത്യമായി പരിണമിക്കുന്ന വൈകാരികതയും അഴിമതിയാണ്. പേടി, മമത എന്നീ രണ്ടു വാക്കൾ അത് ഗർഭം ധരിക്കുന്നുണ്ട്. അതിവൈകാരികതിയിൽ ഒരു ആക്ടിവിസ്റ്റ് മനോഭാവമാണ് ജേക്കബ് തോമസ്സിൽ കാണുന്നത്. അഴിമതിയെ അദ്ദേഹം കാണുന്നതും തികച്ചും അപക്വവുമായിട്ടാണ്. കൈക്കൂലി വാങ്ങുന്നതും അനധികൃത സ്വത്തുസമ്പാദനവും മാത്രമേ അദ്ദേഹം അഴിമതിയായി കാണുന്നുള്ളു. അത്തരം അഴിമതിയെ പോലീസ് സംവിധാനത്തിലുടെ ഇല്ലാതാക്കാമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഒരുതരം വിശ്വാസമൗലികവാദം പോലെ.

ജേക്കബ് തോമസ് അദ്ദേഹത്തിന്റെ നിർവചനപ്രകാരം അഴിമതിക്കാരനല്ല. വർത്തമാനകാലസാഹചര്യത്തിൽ അത് വലിയ കാര്യം തന്നെ. സംശയമില്ല. അതു കൊണ്ടു തന്നെയാണ് അദ്ദേഹം ആസ്ഥാനത്തെത്തിയപ്പോൾ ജനങ്ങൾക്കിടയിൽ വൻ പ്രതീക്ഷയുണ്ടായത്. മുഖ്യമന്ത്രി അദ്ദേഹത്തിനു പരിപൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യവും നൽകി. എന്നാൽ ആ സ്ഥാനലബ്ധി വ്യക്തിപരമായ പകപോക്കലിനു വേണ്ടി ദുരുപയോഗം ചെയ്യുന്നതായി കാണപ്പെട്ടു. ഹൈക്കോടതി നിശിതമായി വിജിലൻസ് ഡയറക്ടറുടെ നടപടിയെ ചോദ്യം ചെയ്തതിലൂടെ ആ ധാരണ അസ്ഥാനത്തല്ലെന്നും ബോധ്യമായി. ഐ.എ.എസ് ഉദ്യോഗസ്ഥർ മുഴുവൻ നിസ്സംഗതയിലേക്ക് പിൻവാങ്ങി ഭരണയന്ത്രത്തിന്റെ നിയന്ത്രണ ചക്രം നിശ്ചലമാകാൻ കാരണവും ജേക്കബ് തോമസ്സിനെ ഹൈക്കോടതി വിമർശിച്ച കാരണങ്ങൾ തന്നെ. ഇങ്ങനെയാണ് കേരളത്തിൽ ഇപ്പോൾ ഭാഗികമായി ഭരണസ്തംഭനം ഉണ്ടായത്. ഈ സാഹചര്യമാണ് താഴെക്കിടയിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം കാര്യങ്ങൾ സാധ്യമാക്കാൻ സാധാരണ ജനങ്ങൾക്ക് കൈക്കൂലിയും മറ്റ് പ്രീണനങ്ങളും വേണ്ടിവരുന്നത്.

 

ഹൈക്കോടതി ഉയർത്തിയ വിമർശനങ്ങളും ചില കേസുകളിലെ തീർപ്പുകളും ജേക്കബ് തോമസ്സിന്റെ തീരുമാനങ്ങളും നടപടികളും തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നു. അപ്പോൾ ഐ.എ.എസുകാർ പറയുന്നതാണോ അതോ ജേക്കബ് തോമസ് എടുക്കുന്ന നിലപാടാണോ ശരി എന്ന ഒരു വലിയ ചോദ്യചിഹ്നം  കേരളീയരുടെ മുൻപിലുണ്ട്. അതിന്ന് മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്. ജേക്കബ് തോമസ്സിനെ ആ സ്ഥാനത്തു നിന്ന് മാറ്റില്ല എന്ന തീരുമാനത്തിൽ രണ്ടു പേർക്ക് , മുഖ്യമന്ത്രിക്കും ജേക്കബ് തോമസ്സിനും, വൈകാരിക സംതൃപ്തി ഉണ്ടാകുമെന്നതൊഴിച്ചാൽ മറ്റൊന്നും ഉണ്ടാകാൻ പോകുന്നില്ല. അതിന് കേരളം നൽകേണ്ടി വരുന്ന വില വളരെ വളരെ വലുതാണ്. പിടിവാശിക്കും ഉറച്ച തീരുമാനത്തിനും പ്രത്യക്ഷത്തിൽ സാമ്യമുണ്ടാകും. എന്നാൽ രാപ്പകൽ വ്യത്യാസമുണ്ട്. ജനക്ഷേമത്തിന് ഉതകുന്നതാണെന്ന് ബോധ്യമായ തീരുമാനത്തിൽ ചാഞ്ചല്യമില്ലാതെ തുടരുന്നാണ് ഭരണാധികാരിയുടെ ഉറച്ച തീരുമാനവും അധികാരത്തിന്റെ വിനിയോഗവും. എന്നാൽ താനൊരു തീരുമാനമെടുത്താൽ അത് ജനദ്രോഹമായി മാറുമെന്നു കണ്ടാലും അതിൽ നിന്നു മാറില്ല എന്ന നിലപാട് തികച്ചും വ്യക്തിപരമായ വൈകാരിക വാശിയാണ്. അധികാരത്തിന്റെ ദുർവിനിയോഗവും. വ്യക്തിപരമായ ദൗർബല്യത്തെ അതിജീവിക്കാൻ ഒരു ഭരണാധികാരിക്കു കഴിയണം. അല്ലെങ്കിൽ അത് തനിക്കും മറ്റുള്ളവർക്കും ദുരന്തം വരുത്തും.

Tags: