നോട്ട് നിരോധനം വന്‍ അഴിമതി: ഇടനിലക്കാര്‍ വഴി കോടികള്‍ മാറ്റി നല്‍കിയെന്ന് കോണ്‍ഗ്രസ്; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Glint Staff
Tue, 09-04-2019 03:52:21 PM ;
Delhi

Demonetisation

നോട്ട് നിരോധനത്തിന് പിന്നില്‍ നടന്നത് വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നത് മുമ്പ് വിദേശത്ത് നിന്ന് മൂന്ന് സീരിസില്‍ മൂന്ന് ലക്ഷം കോടി രൂപയുടെ വ്യജ നോട്ടുകള്‍ അച്ചടിച്ച് ഇന്ത്യയിലെത്തിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

 

വ്യോമസേനയുടെ വിമാനത്തിലാണ് നോട്ടുകള്‍ ഇന്ത്യയിലെത്തിച്ചത്. നോട്ട് നിരോധനം നടപ്പിലാകുന്നതിന് മുമ്പ് തന്നെ ഈ നോട്ടുകള്‍ ഇടനിലക്കാര്‍ വഴി  ബിസിനസ്സുകാര്‍ക്കും പണക്കാര്‍ക്കും നല്‍കി. ഇതിന നേതൃത്വം നല്‍കിയത് അമിത് ഷായാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസും ഇതില്‍ ഇടപെട്ടെന്നും കപില്‍ സിബല്‍ ആരോപിച്ചു. പണം കൈമാറുന്നതും ഇടപാടിന് വേണ്ടി ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു.

 

രാഹുല്‍ രഥ്‌രേഖര്‍ എന്ന, ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് ഇടപാടുകാരനുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തിവിട്ടതില്‍ ആദ്യത്തേത്. എങ്ങനെയാണ് വിദേശത്ത് നിന്ന് ഈ കറന്‍സി കൈമാറ്റം നടന്നതെന്നും, അതിന് വ്യോമസേനയുടെ ഹിന്‍ഡണ്‍ എയര്‍ബേസ് ഉപയോഗിച്ചതെന്നും രാഹുല്‍ രഥ്‌രേക്കര്‍ ഇടപാടുകാരനോട് വിശദീകരിക്കുന്നു. രണ്ട് തവണ അമിത് ഷായുടെ പേര് ഇയാള്‍ പരാമര്‍ശിക്കുന്നുമുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു പ്രത്യേക വിഭാഗം തന്നെ ഇതിന് മേല്‍നോട്ടം നല്‍കിയതെന്നും ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് വ്യക്തമാക്കുന്നു. 20,000 കോടി രൂപ ഇതുവരെ തന്റെ കൈയിലൂടെ മാത്രം പോയിട്ടുണ്ടെന്നാണ് രഥ്‌രേക്കര്‍ അവകാശപ്പെടുന്നത്.

 

മറ്റൊരു ദൃശ്യത്തില്‍ ഇന്‍ഡസിന്റ് ബാങ്കിലെ ഇദ്യോഗസ്ഥന്‍ പണം മാറ്റി നല്‍കുന്നതാണ്. മഹാരാഷ്ട്രാ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നോട്ടുകളാണ് ഇയാള്‍ കൈമാറ്റം ചെയ്തതെന്ന് കപില്‍ സബല്‍ പറഞ്ഞു. പണം കൈമാറ്റം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

 

 

Tags: