ശബരിമല പ്രചാരണായുധമാക്കി യു.ഡി.എഫ്

Glint desk
Tue, 02-02-2021 11:11:37 AM ;

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് പറയേണ്ടി വരും. വളരെ ശക്തമായ വിഷയമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുന്നത്. ശബരിമല വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ട്‌വെച്ചാണ് യു.ഡി.എഫ് ശബരിമല വിഷയം പ്രചാരണായുധമാക്കിയിരിക്കുന്നത്. 

പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തിയില്ലെന്ന് യു.ഡി.എഫ്. ഓര്‍മിപ്പിക്കുന്നു. അതിനാല്‍ തന്നെ ഇടതുപക്ഷത്തേയും ബി.ജെ.പി.യേയും ഒരുമിച്ച് പ്രതിരോധത്തിലാക്കാന്‍ പറ്റിയ വിഷയമായാണ് യു.ഡി.എഫ്. ശബരിമല പ്രശ്‌നത്തെ കാണുന്നത്.

ഒരാഴ്ച മുമ്പുതന്നെ ശബരിമല വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം യു.ഡി.എഫ്. തുടങ്ങിയിരുന്നു.ശബരിമലക്കാര്യത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുംവിധം സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ആചാരസംരക്ഷണം ചൂണ്ടിക്കാട്ടി നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് നല്‍കിയതിലൂടെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീംകോടതിവിധി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടുന്നു. 
സുപ്രീംകോടതി വിധിയിന്മേല്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ തുടര്‍ന്നുവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ പ്രസക്തമാകും. തിരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിലുള്ള നയം പരസ്യമായി പറയണമെന്ന നിലപാട് യു.ഡി.എഫ് നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമായിരുന്നു.

Tags: