മെട്രോ മാന്‍ ബി.ജെ.പി.യില്‍; ഹര്‍ഷന്‍ എല്‍.ഡി.എഫിലേക്ക്

എസ്.ഡി വേണുകുമാര്‍
Thu, 18-02-2021 06:53:21 PM ;

മെട്രോ മാന്‍ എന്ന വിശേഷണത്തിലൂടെ ഇന്ത്യയാകെ ശ്രദ്ധേയനായ ഇ.ശ്രീധരന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാകും. 24 ചാനലില്‍ വാര്‍ത്താവതാരകനായ മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായേക്കും. കോമഡി താരങ്ങളായ രമേഷ് പിഷാരടി, ധര്‍മ്മജന്‍ എന്നിവര്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളാകുന്ന കാര്യത്തിലും ധാരണയായതായാണറിവ്. ഏതായാലും മുന്നണികള്‍ സെലിബ്രിറ്റികളുടെ പിന്നാലെയാണ്. അവരുടെ ആശയങ്ങളും തത്വസംഹിതകളും മാത്രം കൊണ്ട് വിജയിക്കാനാവില്ലെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. ഇക്കാര്യത്തില്‍ ഒരു പാര്‍ട്ടിയും മോശമല്ല.

ഇ.ശ്രീധരന്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സ്ഥിരീകരിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ആദരിക്കുന്ന കേരളത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടുന്ന വിഖ്യാതനായ എഞ്ചിനീയറാണ് അദ്ദേഹം. കൊങ്കണ്‍ റെയില്‍വേ, ഡല്‍ഹി - കൊച്ചി മെട്രോ റെയില്‍വേ , നിര്‍മ്മാണം പിഴച്ച പാലാരിവട്ടം പാലത്തിന്റെ നവീകരണം എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റേതായ മികവ് പ്രകടിപ്പിച്ചയാളാണദ്ദേഹം. എറണാകുളം ജില്ലയിലാണോ തൃശൂരാണോ അദ്ദേഹത്തെ മത്സരിപ്പിക്കുക എന്നാണ് അറിയാനുള്ളത്. ചലച്ചിത്ര മേഖലയില്‍ നിന്ന് സുരേഷ് ഗോപി, കൃഷ്ണകുമാര്‍ തുടങ്ങിയവരേയും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളാക്കാന്‍ പരിഗണിക്കുന്നുണ്ട്. 

മാധ്യമ പ്രവര്‍ത്തകന്‍ ഹര്‍ഷന്‍ ഇടുക്കി ജില്ലക്കാരനാണ്. സ്വന്തം ജില്ലയിലായിരിക്കുമോ അദ്ദേഹത്തിനെ പരിഗണിക്കുകയെന്നു വ്യക്തമല്ല. സീരിയല്‍ നടനായ ജയനെ ചേര്‍ത്തലയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം സി.പി. ഐ.യുടെ പരിഗണനയിലാണ്. സംവിധായകന്‍ രഞ്ജിത് സി.പി.എം. പരിഗണിക്കുന്ന കലാകാരന്മാരിലൊരാളാണ്. യു.ഡി.എഫി ല്‍ ധര്‍മ്മജന്‍ കുന്നത്തു നാട്ടില്‍ മത്സരിക്കുമെന്നാണ് ശ്രുതി. പിഷാരടി മത്സരിച്ചാല്‍ എറണാകുളം ജില്ലയിലായിരിക്കുമത്രേ.

Tags: