എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ; കോട്ടയത്ത് യു.ഡി.എഫിന് ഭരണ നഷ്ടം

Glint Desk
Fri, 24-09-2021 02:16:05 PM ;

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യു.ഡി.എഫിന്റെ ഭരണം നഷ്ടമായത്. ബി.ജെ.പി പിന്തുണയോടെയാണ് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടു നിന്നിരുന്നു. ഒരു സി.പി.എം സ്വതന്ത്രന്റെ വോട്ട് അസാധുവായി.

ഭരണസ്തംഭനം ആരോപിച്ചാണ് കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സി.പി.എം കൂട്ടുകൂടുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. സി.പി.എം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തം ആണെന്നുമായിരുന്നു സതീശന്റെ വിമര്‍ശനം.

ഈരാറ്റുപേട്ട നഗരസഭയിലും യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണയോടെ പാസാവുകയായിരുന്നു.

ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ 21 സീറ്റ് യു.ഡി.എഫ് 22 സീറ്റ് എല്‍.ഡി.എഫ് എട്ട് സീറ്റ് ബി.ജെ.പി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആയി. ഒടുവില്‍ ടോസിലെ ഭാഗ്യം തുണക്കുകയും ബിന്‍സി ചെയര്‍പേഴ്സണാവുകയുമായിരുന്നു.

Tags: