അടിമുടി പോരാളി
പള്ളിക്കൂടത്തിൽ പോകുമ്പോൾ ജാതി പറഞ്ഞ് കളിയാക്കിയവനെ അരയിൽ കിടന്ന വെള്ളിയരഞ്ഞാണം ഊരിയെടുത്ത് അടിച്ചിടത്തു നിന്നും ആരംഭിക്കുകയാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ്റെ പോരാട്ടം. അത് അന്ത്യം വരെ തുടർന്നു.
നൂറു വയസു പിന്നിട്ട വി.എസ്. അച്യുതാനന്ദൻ്റെ ജീവിതത്തിലൂടെ കണ്ണോടിച്ചാൽ അത് അടി മുടി പോരാട്ടം നിറഞ്ഞതായിരുന്നു വെന്ന് കാണാം. വെള്ളമുണ്ടും ജൂബയും ഇട്ട് തല ഉയർത്തി നടന്നിരുന്ന വി.എസ് ൻ്റെ ശരീരഭാഷ ഒരു ധീര യോദ്ധാവിൻ്റേതായിരുന്നു. അദ്ദേഹം സ്വയം അങ്ങനെ വിശ്വസിച്ചിരുന്നുവെന്നും തോന്നുന്നു. പാർട്ടിക്കുള്ളിലും പുറത്തും അനീതിക്കെതിരായ പോരാട്ടത്തിലായിരുന്നു താനെന്ന് അനുയായികളെ അദ്ദേഹം വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. അത് ഒട്ടൊക്കെ ശരിയായിരുന്നു താനും.
85 പിന്നിട്ടിട്ടും പാർട്ടിക്കുള്ളിൽ തുടർന്നു വന്ന പോരാട്ടത്തിൽ അനുയായികൾ മടുത്തു തുടങ്ങിയിരുന്ന കാലം. വി.എസ്. നൊപ്പം നിലക്കുന്നവരെ എതിർപക്ഷം വെട്ടിവീഴ്ത്തുകയാണ്. പ്രമുഖർ പലരും പാർട്ടിക്കു പുറത്താകുന്നു. ഇങ്ങനെ തുടർന്നാൽ എന്താകും രാഷ്ട്രീയ ഭാവിയെന്ന ആശങ്ക ഉണ്ടായിരുന്ന വി.എസ്.ൻ്റെ ഒരു വിശ്വസ്ത , നമുക്ക് സന്ധി ചെയ്തു കൂടെ എന്ന് അദ്ദേഹത്തോടെ ആരാഞ്ഞു. പടയാളികൾ പലരും അടർക്കളത്തിൽ വീണു കിടക്കുന്നത് അവരെ അലോസരപ്പെടുത്തി . വി.എസ്. ആകട്ടെ കൂസാതെ പോകുകയാണ് . ഒപ്പമുള്ളവരെ സംരക്ഷിക്കുന്നില്ലെന്ന തോന്നൽ. പ്രായമായ വി.എസ്.നെപ്പോലെയല്ലല്ലോ തങ്ങളുടെ സ്ഥിതി എന്ന ചിന്തയിൽ നിന്നാണ് സന്ധിവാദം വിശ്വസ്ത ഉന്നയിച്ചത്.
അതിന് വി.എസ്. നൽകിയ മറുപടിയായിരുന്നു രസകരം. പടനായകൻ പട നയിച്ചു മുന്നേറുമ്പോൾ വീണുപോകുന്ന പടയാളികളെ നോക്കി നിൽക്കുന്നതല്ല യുദ്ധ നീതി . ഇത് ധാർമ്മികതയ്ക്കായുള്ള യുദ്ധമെന്നായിരുന്നു വി.എസ്. ന്യായീകരിച്ചത്. നിങ്ങൾക്ക് വേണമെങ്കിൽ പിന്മാറാം എന്ന് അദ്ദേഹം ഉപദേശിച്ചു. ആൾ പിന്നീട് അധികകാലം വി.എസ്. പക്ഷത്തുണ്ടായിരുന്നില്ല.
അവസാനമാകാറായപ്പോഴേക്കും പാർട്ടിക്കുള്ളിൽ ഏറെക്കുറെ ഒറ്റയാൾ പോരാട്ടമായി വി.എസ്.ൻ്റെ നീക്കങ്ങൾ ദുർബലപ്പെട്ടു. അപ്പോഴും വിട്ടുകൊടുക്കാൻ മനസ്സുണ്ടായിരുന്നില്ല.
പോരാട്ടത്തിനായി ശരീരത്തേയും പാകപ്പെടുത്തിയിരുന്നു. അറുപതുകളിലാണ് ദീർഘായുസ് ഉണ്ടെങ്കിലേ രാഷ്ട്രീയ മോഹങ്ങൾ സഫലമാക്കാനാവൂ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അന്നു മുതൽ ശരീര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി . പുകവലി ഉപേക്ഷിച്ചു. മത്സ്യമാംസാദികൾ വർജ്ജിച്ചു. സസ്യാഹാരം മാത്രമാക്കി . യോഗയും നടത്തവും പതിവാക്കി.
96 ൽ മാരാരിക്കുളത്ത് പാർട്ടി അദ്ദേഹത്തെ കാലുവാരി തോല്പിച്ചപ്പോഴും പോരാട്ട വീര്യമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്. അന്ന് 70 വയസ്സിൽ എത്തിയിരുന്നു അച്യുതാനന്ദൻ. മറ്റാരാണെങ്കിലും രാഷ്ട്രീയമെല്ലാം ഇട്ടെറിഞ്ഞ് പോയേനെ. വിട്ടില്ല വി.എസ്. തുടർന്ന് സീറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലും പോരാട്ടം തുടർന്നു. ജനങ്ങളുടെ സമ്മർദ്ദം ആയുധമാക്കി സീറ്റു പിടിച്ചു വാങ്ങി. ജയിച്ചു. മുഖ്യമന്ത്രിയുമായി . ജനപ്രിയ മുഖ്യൻ !
വി.എസ്. ചരിത്ര പുരുഷൻ തന്നെയാണ്
